
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒളിച്ചോടിയിട്ടില്ലെന്നും ‘മുങ്ങി’യെന്ന പരാമര്‍ശം തെറ്റാണെന്നും ഷാഫി പറമ്പില്‍ എംപി. ബിഹാറില്‍ പോയത് പാര്‍ട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടന്‍ തന്നെ രാഹുല്‍ രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി പ്രതികരിച്ചു. സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ചതു സംബന്ധിച്ചു വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ മാങ്കൂട്ടത്തില്‍ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ ചിലര്‍ ധാര്‍മികത പഠിപ്പിക്കുകയാണ്. വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ലെന്നും ഷാഫി പറഞ്ഞു. രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിനും ബിജെപിക്കും ധാര്‍മികതയെന്തെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. കോണ്‍ഗ്രസിനെ നിശബ്ദമാക്കാനാണ് ശ്രമമാണ് നടക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.
ബിഹാറിലേക്ക് മുങ്ങി, ഒളിച്ചോടി എന്നൊക്കെ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുമ്പോള്‍ ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പ്രാധാന്യം കാണാതെ പോകരുത്. വരും ദിനങ്ങളില്‍ മറ്റു പരിപാടികളുള്ളതിനാലാണ് അന്ന് ബിഹാറിലേക്ക് പോയത്. വിവാദത്തിന്റെ മറവില്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ മറച്ചുപിടിക്കാനാണ് ശ്രമം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഉത്തരവാദപ്പെട്ടവരെല്ലാം പ്രതികരിച്ചുകഴിഞ്ഞു. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ഷാഫി പറഞ്ഞു.