
കോഴിക്കോട്∙ എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീ കൊളുത്തിയ കേസിലെ പ്രതിക്കായി ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നും പിടികൂടിയെന്ന വാർത്ത പുറത്തുവരുന്നത്. പൊള്ളലേറ്റ നിലയിൽ മഹാരാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ രത്‌നഗിരിയിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഷാരൂഖ് സെയ്ഫിയെ, അവിടെനിന്നാണ് എടിഎസ് കസ്റ്റഡിയിലെടുത്തതെന്നാണു ലഭിക്കുന്ന വിവരം. തുടർന്ന് ഇക്കാര്യം കേരളത്തിൽനിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു.
ഷാരൂഖ് സെയ്ഫിക്ക് പൊള്ളലേറ്റതിനു പുറമെ മറ്റു ചില പരുക്കുകളുമുണ്ട്. തലയ്ക്കേറ്റ പരുക്കിനെ തുടർന്നാണ് ചികിത്സ തേടിയതെന്നും റിപ്പോർട്ടുണ്ട്. രത്‌നഗിരിയിൽ നിന്നും അജ്മീറിലേക്കു കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് സെയ്ഫി മൊഴി നൽകി. അതേസമയം, തീയിട്ട ട്രെയിനിൽത്തന്നെയാണ് ഷാരൂഖ് സെയ്ഫി കണ്ണൂർ വരെ യാത്ര ചെയ്തെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. അവിടെനിന്ന് ട്രെയിൻ മാർഗവും മറ്റു വാഹനങ്ങൾ മാറിക്കയറിയുമാണ് മഹാരാഷ്ട്രയിലെത്തിയതെന്നാണ് സൂചന. ഷഹീൻബാഗിൽനിന്ന് കാണാതായ ഷാരൂഖ് സെയ്ഫി ഇയാൾ തന്നെയാണെന്നും റിപ്പോർട്ടുണ്ട്.
ഞായറാഴ്ച രാത്രി എലത്തൂരിനു സമീപം ഓടുന്ന ട്രെയിനിന് അജ്ഞാതൻ തീയിട്ട വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളിൽ രാത്രി ഒൻപതു മണിയോടെയാണ് അക്രമി തീയിട്ടത്. ട്രെയിൻ ഉടൻതന്നെ ചങ്ങല വലിച്ചു നിർത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊള്ളലേറ്റ എട്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചെന്ന വാർത്ത പിന്നാലെയെത്തി.
ഇതിനിടെയാണു ട്രെയിനിലുണ്ടായിരുന്ന മൂന്നു യാത്രക്കാരെ കാണാനില്ലെന്ന വാർത്ത പുറത്തുവന്നത്. ട്രെയിൻ കണ്ണൂരിലെത്തിയതിനു പിന്നാലെയാണ് ഒപ്പമുണ്ടായിരുന്നവർ ഇക്കാര്യം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നു പേർ എലത്തൂരിനു സമീപം റെയിൽവേ ട്രാക്കിൽ മരിച്ചു കിടക്കുന്നതായി റിപ്പോർട്ടുകൾ വന്നു. ട്രെയിനിനു തീപിടിച്ചെന്നു കേട്ട് രക്ഷപ്പെടാനായി ചാടിയവരാകാം മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ അക്രമി തള്ളിയിട്ടതാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും ഇപ്പോഴും സ്ഥിരീകരണമില്ല.
ഇതിനിടെ, പ്രതിയുടേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമീപത്തെ പള്ളിയിൽനിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചു. ഈ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നെങ്കിലും, ദൃശ്യങ്ങളിലുള്ളതു പ്രതിയല്ലെന്നും കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്നും പിന്നീട് വ്യക്തമായി. കേസിലെ നിർണായക സാക്ഷിയായ റാസിഖിന്റെ സഹായത്തോടെ തയാറാക്കിയ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. എലത്തൂർ സ്റ്റേഷനിൽ തയാറാക്കിയ ഈ രേഖാചിത്രത്തിലെ വ്യക്തിയോടു സാദൃശ്യമുള്ള വ്യക്തി കണ്ണൂർ ജില്ലാ ആശുപത്രിയിൽ പൊള്ളലേറ്റ് ചികിത്സ തേടിയെത്തിയെന്ന് കേട്ട് പൊലീസ് സംഘം അവിടെയെത്തി. വിശദമായ പരിശോധനയിൽ അതും പ്രതിയല്ലെന്നു വ്യക്തമായി.
അപ്പോഴേയ്ക്കും കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങളും ദേശീയ അന്വേഷണ ഏജൻസിയും ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു. കേരള പൊലീസ് കേസ് അന്വേഷണത്തിനായി അഡീഷനൽ ഡിജിപി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. പ്രതി ഉത്തരേന്ത്യക്കാരനാണെന്നു വ്യക്തമായതോടെ, അവിടം കേന്ദ്രീകരിച്ചായി തുടർന്നുള്ള അന്വേഷണം.
പ്രതിയെന്നു സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയുടെ വിവരങ്ങൾ തേടി കേരള പൊലീസിന്റെയും റെയിൽവേ പൊലീസിന്റെയും സംഘങ്ങൾ ഉത്തർപ്രദേശിലെ ഗാസിയാബാദിലെത്തി. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഡൽഹിയിൽ എത്തി. ഇതിനിടെ, ഷാരൂഖ് സെയ്ഫി എന്ന യുവാവിനെ ഉത്തർപ്രദേശ് എടിഎസ് ചോദ്യം ചെയ്തു വിട്ടയച്ചു.
റെയിൽ ട്രാക്കിനു സമീപത്തുനിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന ബാഗ് കണ്ടെത്തിയിരുന്നു. ഇതിലുണ്ടായിരുന്ന ഡയറിയിൽനിന്നും മൊബൈൽ ഫോണിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘങ്ങൾ ഗാസിയാബാദിലെത്തിയത്. അക്രമി തീയിട്ട ട്രെയിൻ ബോഗി ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) കണ്ണൂരിലെത്തി പരിശോധിച്ചു. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന കേരള പൊലീസ് എഡിജിപി എം.ആർ.അജിത്കുമാറും സംഘവും എലത്തൂരിൽ റെയിൽവേ ട്രാക്കിൽ പരിശോധന നടത്തി.
പ്രതിയുടേതെന്നു കരുതുന്ന ഡയറിയിൽ ‘ഷാറുഖ് സെയ്ഫ് കാർപെന്റർ’ എന്ന് എഴുതിയതിന്റെ തുമ്പുപിടിച്ചാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മരപ്പണിക്കാരനായി ജോലി ചെയ്യുന്ന ഷാരൂഖിനെ യുപി എടിഎസ് കസ്റ്റഡിയിലെടുത്തത്. മകൻ 2 മാസമായി വീട്ടിൽ തന്നെയുണ്ടെന്നും കേരളത്തിൽ പോയിട്ടില്ലെന്നും ഷാരൂഖിന്റെ പിതാവ് പറഞ്ഞു.
ഇതിനിടെ, ട്രെയിൻ തീവയ്പു കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ പൊലീസ് രംഗത്തെത്തി. തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർധ ജനിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം അഭ്യൂഹങ്ങൾക്കും പ്രചാരണങ്ങൾക്കും ഇടെയാണ്, പ്രതിയെന്ന് പൊലീസ് ഉറച്ചുവിശ്വസിക്കുന്ന ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ വലയിലായത്.