മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാർ കുറവ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: വന്യമ്യഗങ്ങളുടെ ആക്രമണം വർധിച്ചത് കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം രോഗികൾ ദുരിതത്തിലാവുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വിവിധജില്ലകളിൽ നിന്ന് 3000 ത്തോളം പേർ ദിവസേനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്റർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണെന്ന് മനസിലാക്കുന്നു. പി.എം. എസ് എസ് വൈ ബ്ലോക്കിൽ ജീവനക്കാർ കുറവായതിനാൽ താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്.എമർജൻസി വിഭാഗത്തിൽ ഡോക്ടർമാർ കുറവാണ്. അമിത ജോലി ഭാരം കാരണം നേഴ്സുമാർ പ്രതിഷേധത്തിലാണ് . മാർച്ചിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

error: Content is protected !!