
സംസ്ഥാനത്തെ മികച്ച കൃഷിഭവനായി താനാളൂർ കൃഷിഭവൻ
മലപ്പുറം : ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് വിവിധ ഇനങ്ങളിലായി 10 അവാർഡുകൾ ലഭിച്ചു. മികച്ച കൃഷി ഭവൻ – താനാളൂർ കൃഷിഭവൻ, മികച്ച തേനീച്ച കർഷകൻ – ഉമറലി ശിഹാബ് ടി.എ, മികച്ച കൃഷിക്കൂട്ടം- (ഉത്പാദന മേഖല) വെളളൂർ കൃഷിക്കൂട്ടം, മികച്ച ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി – പി. എസ്. സ്റ്റെയ്ൻസ്, മികച്ച സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് – ചുങ്കത്തറ എസ്.സി.ബി, മികച്ച സ്കൂൾ -(രണ്ടാം സ്ഥാനം) – എ.എം.എം.എൽ. പി. സ്കൂൾ, പുളിക്കൽ, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ (രണ്ടാംസ്ഥാനം) – എം. വി വിനയൻ പെരുമ്പടപ്പ്, മികച്ച കൃഷി അസിസ്റ്റന്റ് (രണ്ടാംസ്ഥാനം) – കെ. കെ.ജാഫർ വാഴയൂർ, മികച്ച ജില്ലാ കൃഷി ഓഫീസർ – ടി. പി അബ്ദുൾ മജീദ്, മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ – പി. ശ്രീലേഖ. 2024-25 വർഷത്തെ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡുകൾ നിർണയിച്ചിട്ടുളളത്.
സംസ്ഥാനത്തെ മികച്ച കൃഷിഭവനായി തിരഞ്ഞെടുത്ത താനാളൂർ കൃഷിഭവൻ ‘കൃഷിസമൃദ്ധി’ പദ്ധതി ഏറെ ജനകീയമായി നടപ്പിലാക്കി, കേരളഗ്രോ ബ്രാൻഡിംഗ് ചെയ്ത് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പ്രധാന പങ്ക് വഹിച്ചു. വിള ആരോഗ്യ കേന്ദ്രം മുഖേന ചെടിയുടെ രോഗകീടങ്ങൾ സ്ഥിരീകരിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കൃഷിഭവനിൽ സജ്ജീകരിച്ചു. മണ്ണ് പരിശോധന യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
മുപ്പത്തിയേഴ് വയസ്സുള്ള എം.ബി.എ ബിരുദധാരിയായ ഉമറലി ശിഹാബിന് സ്വന്തമായി 1500-ൽപ്പരം തേനീച്ചകൂടുകളുണ്ട്. 16 ഇനം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയും തേനീച്ചക്കൂടും തേനും ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത് കണക്കിലെടുത്താണ് മികച്ച തേനീച്ച കർഷകൻ അവാർഡ് ലഭിച്ചത്.
മികച്ച ഉത്പാദന മേഖല കൃഷി ക്കൂട്ടമായി തിരഞ്ഞെടുത്തത് പൂക്കോട്ടൂർ കൃഷിഭവൻ പരിധിയിലെ വെളളൂർ കൃഷിക്കൂട്ടത്തെയാണ്. 20 വർഷമായി കാർഷിക മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഈ കൂട്ടായ്മ കഴിഞ്ഞ 2 വർഷമായി കൃഷിക്കൂട്ടമായി പ്രവർത്തിച്ചു വരുന്നു. 25 ഏക്കർ വരുന്ന കൃഷിയിൽ 12 ഏക്കറോളം വെളളൂർ കുമ്പളം, 6000 എണ്ണം നേന്ത്രവാഴ എന്നിവയാണുളളത്. കൂടാതെ ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, തീറ്റപ്പുല്ല്, നെല്ല് എന്നിവയുമുണ്ട്. ലോക്കൽ മാർക്കറ്റിലും കയറ്റുമതി സ്ഥാപനങ്ങളിലും പഴം, പച്ചക്കറി വില്പനയും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സൗഹൃദ കൂട്ടായ്മയാണ് ഇത്.
മികച്ച ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അവാർഡ് നേടിയ പി.എസ്. സ്റ്റെയ്ൻ നാല് ഏക്കർ സ്ഥലത്ത് പാവൽ, പയർ, പടവലം സാലഡ്, വെളളരി, മത്തൻ, കുമ്പളം എന്നിങ്ങനെ പല ഇനം പച്ചക്കറികൾ കൃഷി ചെയ്തു. കൃഷിയിടത്തിൽ മണ്ണിര കമ്പോസ്റ്റും, ജൈവസ്ലറിയും, ജീവാമൃതവും കന്നുകാലി വളർത്തൽ, കോഴി/തേനീച്ച/മീൻ വളർത്തൽ എന്നിവയും ചെയ്ത് പോരുന്നു.
മികച്ച പ്രൈമറി അഗ്രിക്കൾച്ചറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായി തിരഞ്ഞെടുക്കപ്പെട്ട ചുങ്കത്തറ സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് കർഷകർക്കായി വായ്പകൾ മാത്രമല്ല, തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനുളള കർഷക സേവന കേന്ദ്രം, വളം ഡിപ്പോ, അഗ്രിമാർട്ട്, അഗ്രി വർക്ക്ഷോപ്പ്, അഗ്രി സൂപ്പർ മാർക്കറ്റ്, ടിഷ്യു കൾച്ചർ ലാബ് (സർക്കാർ അംഗീകൃതം) തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലൂടെ കർഷകർക്ക് താങ്ങും തണലുമാകുന്നു.
മികച്ച സ്കൂളായി തിരഞ്ഞെടുത്ത എ.എം.എം.എൽ. പി. സ്കൂളിൽ വാഴ, പച്ചക്കറികൾ, 80 സെന്റ് നെൽകൃഷി, കമ്പോസ്റ്റ് നിർമ്മാണം, നൂതന കൃഷി രീതികളായ ലംബകൃഷി, അക്വാപോണിക്സ് എന്നിവ നടപ്പിലാക്കിയിട്ടുണ്ട്.
1740 ഹെക്ടർ വരുന്ന കോൾമേഖലയിലെ നെൽകർഷകർക്ക് നെൽകൃഷിയിൽ അടിസ്ഥാന സൗകര്യമൊരുക്കിയതിനും വിവിധ മേഖലകളെ ഏകോപിപ്പിച്ച് കൃഷി വികസിപ്പിച്ചതിനും കൃഷി വകുപ്പിലെ ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചതിനും എം. വി. വിനയനെ (രണ്ടാംസ്ഥാനം) മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആയി തിരഞ്ഞെടുത്തു.
മികച്ച കൃഷി അസിസ്റ്റന്റ് (രണ്ടാംസ്ഥാനം) ലഭിച്ച കെ. കെ. ജാഫർ കർഷകർക്ക് സമയാസമയങ്ങളിൽ കൃഷി വകുപ്പിന്റെ പദ്ധതികളെക്കുറിച്ച് അറിയിപ്പ് നൽകിയും പോസ്റ്ററുകൾ തയ്യാറാക്കി പ്രചരിപ്പിച്ചും കർഷകർക്കിടയിൽ ജനസമ്മതി നേടിയ ഉദ്യോഗസ്ഥനാണ്. കൃഷിവകുപ്പ് പദ്ധതികളും ജനകീയാസൂത്രണ പദ്ധതികളും ഭംഗിയായി നടപ്പിലാക്കിയാണ് അദ്ദേഹം ഈ നേട്ടത്തിന് അദ്ദേഹം അർഹനായത്.
സംസ്ഥാനത്തെ മികച്ച ജില്ലാ കൃഷി ഓഫീസറായി തിരഞ്ഞെടുത്ത ടി. പി. അബ്ദുൾ മജീദ് ജില്ലയിലെ കൃഷി വകുപ്പിനെ ക്രയാത്മകമായി ചലിപ്പിക്കുന്നതിനും വിവിധ വികസന പദ്ധതികൾ ഫലപ്രദമായി നിർവ്വഹണം നടത്തുന്നതിനും ജില്ലയിലെ ഫാമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നിർണ്ണായക പങ്ക് വഹിക്കുകയും പൊന്നാനി കോൾ മേഖലയിലെ പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുകയും സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം, അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ, ജൈവസർട്ടിഫിക്കേഷൻ തുടങ്ങിയ വിവിധ പദ്ധതികൾ മികവോടെ നടപ്പിലാക്കാൻ നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടറായി തിരഞ്ഞെടുത്ത പി. ശ്രീലേഖ ഗവേഷണ സ്ഥാപനങ്ങളിലെയും കൃഷി വകുപ്പുകളിലെയും അറിവുകൾ, സ്കീമുകൾ എന്നിവ കർഷകരിൽ എത്തിക്കുന്നതിനായി ‘ആത്മ മലപ്പുറത്തിന്റെ’ ‘കാർഷികം’ എന്ന യൂ ട്യൂബ് ചാനൽ ആരംഭിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. കൂടാതെ പ്രകൃതിക്ഷോഭ ദുരിതാശ്വാസം, കേന്ദ്ര സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതികൾ തുടങ്ങിയവ പ്രചരിപ്പിക്കുന്നതിലും കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ വികസന പദ്ധതി ജില്ലാ തലത്തിൽ നടപ്പിലാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.