താനൂർ : നഗരസഭാ പരിധിയിൽ ആയിരത്തിലേറെ ഭൂരഹിത- ഭവനരഹിതർക്കായി വാസസ്ഥലം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. താനൂർ മണ്ഡലം തീരസദസ്സിന്റെ ഭാഗമായി ഫിഷറീസ് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജനപ്രതിനിധികളുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് മികച്ച ഉദാഹരണമാണ് തീരദേശത്തിൽ നിന്നും പ്രൊഫഷനലുകൾ ഉണ്ടാകുന്നത്. രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കും. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യം. അതിനായി ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
രണ്ട് സെഷനുകളായാണ് പരിപാടി നടന്നത്. ആദ്യ സെഷനിൽ മന്ത്രി താനൂർ മണ്ഡലത്തിലെ ജനപ്രതിനിധികളുമായി പ്രാദേശികമായുള്ള പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും നടപ്പാക്കേണ്ട അടിയന്തിര വികസന പദ്ധതികളും ചർച്ച ചെയ്തു. രണ്ടാമത്തെ സെഷനിൽ ‘തീരസദസ്സ്’ എന്ന പേരിൽ തയ്യാറാക്കിയ പ്രത്യേക പോർട്ടൽ വഴി ലഭിച്ച പരാതികൾ പരിഹരിച്ചു. ഫിഷറീസ് വകുപ്പ്, മൽസ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ വഴി വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള, ഡപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, എ.ഡി.എം. എൻഎം. മെഹറലി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.