Wednesday, October 22

പൊതുമരാമത്ത് റോഡ് കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

മൂന്നിയൂർ: പൊതുമരാമത്ത് റോഡുകളിൽ അനധികൃത കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തലപ്പാറ – ചെമ്മാട് റോഡിൽ മുട്ടിച്ചിറ മുതൽ പാറക്കടവ് വരെയുള്ള ചില സ്ഥലങ്ങളിൽ പി.ഡബ്ല്യൂ.ഡി റോഡ് അനധികൃതമായി കയ്യേറ്റം ചെയ്തതിനാൽ റോഡ് വീതി കുറഞ്ഞ് വാഹന ഗതാഗതത്തിനും കാൽനടയാത്രക്കും പ്രയാസം സൃഷ്ടിക്കുന്നതായും ഇതുമൂലം ഈ ഭാഗത്ത് കാൽനടയാത്രക്കാർ നിരവധി അപകടങ്ങളിൽ പെടുന്നതായും ചൂണ്ടികാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ് പി.ആർ ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേത്രത്വത്തിൽ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമായി പി.ഡബ്ല്യൂ.ഡി റോഡുകളിൽ ഉണ്ടാവുന്ന കയ്യേറ്റങ്ങളും തടസ്സങ്ങളും നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. മൂന്നിയൂർ ഹൈസ്കൂൾ, മൂന്നിയൂർ ഹയർ സെക്കണ്ടറി സ്കൂൾ , ജി.എം.യു.പി.സ്കൂൾ പാറക്കടവ്, ആലിൻ ചുവട് മദ്രസ്സ, നിബ്രാസ് സ്കൂൾ എന്നിവിടങ്ങളിലേക്ക് കാൽനടയായി വരുന്ന വിദ്യാർത്ഥികൾക്കും മറ്റ് കാൽനടയാത്രക്കാർക്കും സഞ്ചരിക്കുന്നതിന് വേണ്ടി പാറക്കടവ് മുതൽ മുട്ടിച്ചിറ വരെ ഫുട്പാത്ത് നിർമ്മിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് മെമ്പർ മണമ്മൽ ശംസുദ്ധീൻ , വി.പി. ബാവ, കൊല്ലഞ്ചേരി മുഹമ്മദ് കോയ , സി.എം. ഷരീഫ് മാസ്റ്റർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!