
തിരൂർ : തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് തീരപ്രദേശം കേന്ദ്രമായി ഒരു സ്റ്റേഷൻ കൂടി ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജനസംഖ്യ വർദ്ധനവ് മൂലം അധികാരപരിധി വർദ്ധിക്കുന്നത് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നിരവധി വർഷങ്ങളായി കാത്തിരിക്കുന്ന തിരൂർ പോലീസ് സ്റ്റേഷൻ വിഭജനം ഫയലിൽ കുരുങ്ങിക്കിടക്കുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ ആവശ്യം മുഖവിലക്കെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഒരു മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരൂർ പോലീസ് സ്റ്റേഷൻ പരിധി. തിരൂർ റെയിൽവേ സ്റ്റേഷനും മറ്റൊരു സ്റ്റേഷനായ തിരുനാവായയും ഈ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. വലിയ പ്രദേശങ്ങൾ ഉൾകൊള്ളുന്ന തിരൂർ സ്റ്റേഷൻ പരിധിയിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പതിവാണ്. ഓരോ കേസിന്റെയും കാര്യക്ഷമമായ അന്വേഷണം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
തിരൂർ ടൗൺ ഉൾപ്പെടെ പ്രദേശങ്ങളിൽ സ്ഥിരമായി ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ആവശ്യമായ പോലീസിന്റെ സേവനം പലപ്പോഴും നൽകാത്തത് കാരണം വലിയ ഗതാഗത പ്രശ്നങ്ങളും ഉണ്ടാകുന്നു.