തിരൂരങ്ങാടി : സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുട്ടികളുടെ ജൈവവൈവിദ്ധ്യ കോണ്‍ഗ്രസ്സില്‍ ഗവേഷണാത്മക പ്രോജക്ട് അവതരിപ്പിച്ച് സീനിയര്‍ വിഭാഗത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ ബയോളജി ക്ലാസില്‍ പഠിക്കുന്ന മിന്‍ഹ ഫാത്തിമയും ഫാത്തിമ റിസയുമാണ് ആ മിടുക്കികള്‍.
മഞ്ചേരി ബി ആര്‍ സിയില്‍ വച്ചാണ് ജില്ലാതല മത്സരങ്ങള്‍ നടന്നത്. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. പ്ലസ് വണ്‍ ബയോളജി ക്ലാസില്‍ പഠിക്കുന്ന മിന്‍ഹ ഫാത്തിമയും ഫാത്തിമ റിസയുമാണ് പ്രോജക്ട് അവതരിപ്പിച്ചത്. തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ ജല സ്രോതസ്സുകള്‍ മലിനമാകാനുള്ള സാധ്യതകളും പരിഹാരമാര്‍ഗ്ഗങ്ങളുമാണ് പഠന വിഷയം. സികെ നഗര്‍ പ്രദേശത്തെ മലിനമായ രണ്ട് കുളങ്ങള്‍ മലിനീകരിക്കപ്പെടാനുള്ള കാരണങ്ങള്‍ പഠിക്കുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും സാധിച്ചു. ജലത്തിന്റെ ഗുണനിലവാരം അറിയാനായി വിവിധ രാസപരിശോധനകള്‍ നടത്തുകയും ചെയ്തു. സ്‌കൂളിലെ ബോട്ടണി അധ്യാപികയായ ഡോ. എം.ആര്‍. ദീപ്തി പഠനത്തിന് നേതൃത്വം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ഹരിത സഭയിലും കുട്ടികള്‍ പ്രബന്ധം അവതരിപ്പിച്ചു.