താനൂര്‍ : റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. മൂന്ന് പവനോളം തുക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് വിദ്യാര്‍ത്ഥിനികള്‍ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായത്. താനാളൂര്‍ ജി – ടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാത്ഥിനികളായ എ.ഷൈബ ഷെറിന്‍ , കെ.പി. റൂബീന, ടി.കെ. ആയിഷ റിഥ എന്നിവര്‍ക്കാണ് താനാളൂര്‍ അങ്ങാടിയിലെ റോഡരികില്‍ നിന്നും സ്വര്‍ണ്ണാഭരണം കളഞ്ഞ് കിട്ടിയത്. കുട്ടികള്‍ സ്വര്‍ണ്ണാഭരണം സെന്റര്‍ ഡയര്‍ക്ടര്‍ കെ. ഫൈസലിനെ ഏല്‍പ്പിക്കുകയും നവ മാധ്യമങ്ങളിലൂടെ പരസ്യപെടുത്തുകയുമായിരുന്നു.
നിരവധി പേര്‍ അവകാശ വാദം ഉന്നയിച്ച് എത്തിയതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ മുജീബ് താനാളൂര്‍ മുഖേന താനൂര്‍ പോലീസില്‍ വിവരമറിച്ച് യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തുകയായിരുന്നു. ചെമ്പ്ര ട്രാന്‍സ്‌ഫോര്‍മറിന് സമീപം പറമ്പത്ത് കുഞ്ഞിപ്പയുടെ ഭാര്യ റാബിയയുടെതാണ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണം.
താനൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ സാന്നിദ്ധ്യത്തില്‍ കുട്ടികള്‍ സ്വര്‍ണ്ണാഭരണം റാബിയക്ക് കൈമാറി. ചടങ്ങില്‍ മുജീബ് താനാളൂര്‍, സെന്റര്‍ ഡയരക്ടര്‍ കെ ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ മാതൃകാ പ്രവര്‍ത്തനത്തെ പോലിസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.