Saturday, December 6

ഓണക്കാലത്ത് വന്‍ നേട്ടവുമായി സപ്ലൈകോ ; 123 കോടിയുടെ വിറ്റുവരവ്

തിരുവന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്തില്‍ വന്‍ നേട്ടവുമായി സപ്ലൈകോ. സെപ്റ്റംബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 14 ഉത്രാട ദിവസം വരെയുള്ള വില്‍പനയില്‍ വലിയ നേട്ടമാണ് സപ്ലൈകോ കൈവരിച്ചിരിക്കുന്നത്. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളില്‍ നിന്ന് 123.56 കോടി രൂപയുടെ വിറ്റു വരവാണ് വകുപ്പിന് ലഭിച്ചത്. സപ്ലൈകോ 14 ജില്ലാ ഫെയറുകളില്‍ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്‌സിഡി ഇനത്തില്‍ 2.36 കോടി രൂപയുടെയും സബ്‌സിഡിയിതര ഇനത്തില്‍ 1.67 കോടി രൂപയുടെയും വിറ്റു വരവുണ്ടായിരുന്നു. ജില്ലാ ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്‌സിഡി ഇനത്തില്‍ 39.12ലക്ഷം രൂപയുടെയും, സബ്‌സിഡി ഇതര ഇനത്തില്‍ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ലാ ഫെയറില്‍ ഉണ്ടായത്.

സംസ്ഥാനത്ത് 123.56 കോടി വിറ്റുവരവില്‍ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെയും 56.73 കോടി രൂപ സബ്‌സിഡിയിതര ഇനങ്ങളുടെ വിറ്റുവരവിലും നേടിയതാണ്. സപ്ലൈകോ പെട്രോള്‍ പമ്പുകളിലെയും എല്‍പിജി ഔട്ട്‌ലെറ്റുകളിലെയും വിറ്റുവരവ് ഉള്‍പ്പെടാതെയുള്ള കണക്കാണിത്. സെപ്റ്റംബര്‍ മാസത്തില്‍ 26.24 ലക്ഷം പേര്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചു. ഇതില്‍ 21.06 ലക്ഷം പേരാണ് അത്തം മുതല്‍ ഉത്രാടം വരെ സപ്ലൈകോ വില്പനശാലകളില്‍ എത്തിയത്.

ജില്ലാ ഫെയറുകളില്‍ രണ്ടാം സ്ഥാനത്ത് തൃശൂര്‍ ആണ്. 42.29 ലക്ഷം രൂപ, മൂന്നാം സ്ഥാനം കൊല്ലത്തിനാണ് 40.95 ലക്ഷം രൂപ, നാലാം സ്ഥാനത്തുള്ള കണ്ണൂരില്‍ 39.17 ലക്ഷം രൂപയാണ് വിറ്റുവരവ്. പാലക്കാട് ജില്ലാ ഫെയറില്‍ 34.10 ലക്ഷം രൂപയുടെയും, കോഴിക്കോട് ജില്ലാ ഫെയറില്‍ 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി.

error: Content is protected !!