മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയാകാതെ പരപ്പനങ്ങാടി നഗരസഭയിലെ തോടുകളും ഓടകളും; പനി ഭീഷണിയെന്ന് പരാതി
പരപ്പനങ്ങാടി: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർണമായി പൂർത്തിയാക്കാത്തതിനാൽ പരപ്പനങ്ങാടി നഗരസഭയിലെ വിവിധ തോടുകളും ഓടകളും മാലിന്യവും ചെളിയും നിറഞ്ഞ് മലിനമായി കിടക്കുന്നതായി പരാതി. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതിനൊപ്പം കൊതുക് ഉൾപ്പെടെയുള്ള രോഗവാഹകരുടെ പെരുകലിനും ഇത് ഇടയാക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.മഴക്കാലത്തിന് മുന്നോടിയായി നഗരസഭ പരിധിയിലെ തോടുകൾ, ഓടകൾ, ജലനിർഗമന മാർഗങ്ങൾ എന്നിവ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കേണ്ടതുണ്ടെങ്കിലും പല പ്രദേശങ്ങളിലും ആവശ്യമായ ശുചീകരണം നടന്നിട്ടില്ലെന്നാണ് ആരോപണം. മാലിന്യവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കളും അടിഞ്ഞുകൂടിയ നിലയിൽ ഓടകളും തോടുകളും കാണപ്പെടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായും പരാതിയിൽ പറയുന്നു.മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്ക് പുരസ്കാരം നേടിയ നഗരസഭയിൽ തന്നെ അടിസ്ഥാന ശുചിത്വ സംവിധാനങ്ങളിലെ ഇത്തരം വീഴ്...

