താനൂര്‍ കസ്റ്റഡി മരണം ; ശരീരത്തില്‍ 13 പരുക്കുകള്‍, വയറ്റില്‍ ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തുവടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
താനൂര്‍ : താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. ഇയാളുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം.
ഇന്നലെ വൈകിട്ട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പൊലീസ് സര്‍ജന്‍ ഡോ.ഹിതേഷ് ശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് താമിറിന്റെ പുറത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം താമിറിന് മ...