താനൂര്‍ കസ്റ്റഡി മരണം: പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ, നിര്‍ണായക തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്. പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ കണ്ടെത്തി. മരിച്ച താമിര്‍ ജിഫ്രിയെ കിടത്തിയിരുന്ന സ്റ്റേഷനുമുകളിലാണ് വിശ്രമമുറി. കേസ് അന്വേഷിക്കുന്ന കൈബ്രാംഞ്ച് സംഘത്തിനാണ് നിര്‍ണായക തെളിവ് ലഭിച്ചത്. രക്തക്കറ ശാസ്ത്രീയ പരിശോധനക്ക് അയക്കും.

അതേസമയം താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എസ്.ഐ ഉള്‍പ്പടെ എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്.ഐ കൃഷ്ണലാല്‍ കോണ്‍സ്റ്റബിള്‍മാരായ മനോജ് കെ, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യൂ, വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. കൂടാതെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഡിഎംഎയാണോയെന്നും പരിശോധിക്കുന്നുണ്ട്.

മയക്കുമരുന്നു കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി മമ്പുറം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. താമിര്‍ ജിഫ്രിയെയും മറ്റ് നാല് പേരെയും പതിനെട്ടു ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.45 ഓടെയാണ് താനൂരില്‍ നിന്നും പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പൊലീസ് വിശദീകരണം. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമാണ്.

അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയും അന്വേഷണ ചുമതലയില്‍ നിന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ മാറ്റുകയും ചെയ്തിരുന്നു. പകരം മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനാണ് ചുമതല. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പി മൊയ്തീന്‍ കുട്ടിക്ക് മേല്‍നോട്ട ചുമതലയും നല്‍കി.

അതേസമയം പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഫ്രിയുടെ ശരീരത്തില്‍ പതിമൂന്ന് ചതവുകള്‍ കണ്ടെത്തിയിരുന്നു. മുതുകിലും കാലിന്റെ പിന്‍ഭാഗത്തുമാണ് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയത്. ഇത് മര്‍ദനമേറ്റതാണോ എന്നതിന് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണ്.

പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി അറിയിച്ചു. അസ്വഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. രാസപരിശോധനാഫലം ഉള്‍പ്പടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

error: Content is protected !!