താനൂര്‍ കസ്റ്റഡി മരണം ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചില്ല, നാല് പൊലീസുദ്യോഗസ്ഥര്‍ക്ക് ജാമ്യം

കൊച്ചി : താനൂര്‍ കസ്റ്റഡി മരണത്തില്‍ 90 ദിവസത്തിനുള്ളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേസിലെ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം. എറണാകുളം സിജെഎം കോടതിയാണു ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായിരുന്ന ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആയിരുന്ന ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സ്റ്റേഷനിലെ സിപിഒ ആയിരുന്ന അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം. പൊലീസിന്റെ ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫിലെ അംഗങ്ങളാണ് ഇവര്‍.

2023 ആഗസ്റ്റ് ഒന്നാം തീയതി പുലര്‍ച്ചെയാണ് മമ്പുറം സ്വദേശിയായ താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട താമിറിനെ പൊലീസ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണ് എന്നായിരുന്നു ആരോപണം. ലഹരി വസ്തുക്കളുമായി കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി കൈയിലുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ വിഴുങ്ങിയതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. ലഹരിവസ്തുക്കള്‍ അമിതമായി ശരീരത്തില്‍ കലര്‍ന്നതിനു പുറമെ മര്‍ദനവും മരണകാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുമ്പും രണ്ട് മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതോടെ 8 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും നാലു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്തു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിര്‍ ജിഫ്രിയുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചതോടെ കേസ് സിബിഐക്ക് വിട്ടു. ഇക്കഴിഞ്ഞ മേയ് നാലിനാണ് 4 പേരേയും സിബിഐ അറസ്റ്റ് ചെയ്തത്.

error: Content is protected !!