പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

തിരൂരങ്ങാടി: പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിർത്തിയിട്ട വനിത പഞ്ചായത്ത് അംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പാലക്കൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാർബിൾ തൊഴിലാളി ത്സാർഖൻഡ് ഹസൈർബാഗ് ചൽക്കുഷ സ്വദേശി സുരാജ് (18) ആണ് പിടിയിലായത്.

മുന്നിയൂർ പഞ്ചായത്ത് അംഗം സൽ‍മ നിയാസിന്റെ സ്കൂട്ടർ ആണ് മോഷണം പോയത്. ശനിയാഴ്ച ഉച്ചയ്ക്ക് വെളിമുക്ക് ഉള്ള പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൽ‍മ സ്കൂട്ടറിൽ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഓഫീസിനു തൊട്ടുമുമ്പിൽ നിർത്തിയിട്ട വണ്ടിയിൽ നിന്നും താക്കോൽ എടുത്തിരുന്നില്ല. 2.10 ന് വണ്ടിയിൽ നിന്ന് സീലും ഫോണും എടുത്ത് ഓഫീസിലേക്ക് പോയ സൽ‍മ 2.20 ന് വണ്ടിയിൽ നിന്ന് താക്കോൽ എടുക്കാൻ വേണ്ടി വന്നപ്പോഴാണ് മോഷണം പോയത് അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോൾ യുവാവ് സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോകുന്നത് കണ്ടു. അന്വേഷണത്തിൽ പ്രദേശത്ത് താമസിക്കുന്ന മാർബിൾ ജോലിക്കാരൻ ആണെന്നു തിരിച്ചറിഞ്ഞു.


മോഷ്ടാവ് വാഹനവുമായി പോയ ദിക്ക് മനസ്സിലാക്കുകയും തുടർന്ന് കൺട്രോൾ റൂമിലും സാമൂഹ്യ മാധ്യമങ്ങളിലും വിവരം സി.ഐ. ശ്രീനിവാസൻ പങ്ക് വെക്കുകയുമായിരുന്നു. അതിനിടെ താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് മോഷണം പോയ പ്രസ്തുത സ്കൂട്ടറിൽ വന്ന മോഷ്ടാവ് മറ്റൊരു സ്ത്രീയുടെ മാല മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത് ശ്രദ്ധയിൽ പെട്ട ഒരു ഓട്ടോ യാത്രക്കാരി ഫോട്ടോ എടുത്ത് പോലീസിന് അയച്ച് കൊടുത്തിരുന്നു. തുടർന്ന് പോലീസ് തെരച്ചിൽ ഊർജ്ജിത മാക്കുകയും പോലീസ് തന്നെ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ മോഷ്ടാവ് മോഷണം നടത്തിയ സ്കൂട്ടർ തലപ്പാറ ദേശീയ പാതയിലെ പാലത്തിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതി തലപ്പാറ പരിസരത്ത് ഉണ്ടെന്നു മനസ്സിലാക്കിയ തോടെ തിരൂരങ്ങാടി പോലീസും ഡാൻസാഫും നാട്ടുകാരും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് പൊലീസിന് പ്രതിയെ കിട്ടിയത്.

സ്കൂട്ടറിൽ ബാഗിൽ വെച്ചിരുന്ന 5000 രൂപയും വിലപിടിപ്പുള്ള ചില രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. വണ്ടിക്ക് കെടുപാടുകളും ഉണ്ട്.

error: Content is protected !!