താനൂര്‍ കസ്റ്റഡി കൊലപാതകം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

താനൂര്‍ : താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി പ്രതികളുടെ അഭിഭാഷകന്‍ പിന്‍വലിച്ചു. ഇതോടെ മഞ്ചേരി സെഷന്‍സ് കോടതിയിലെ നടപടി ക്രമങ്ങള്‍ അവസാനിപ്പിച്ചു. കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ എഫ്‌ഐ ആര്‍ കോടതിയില്‍ പ്രതിഭാഗം ഹാജരാക്കി. സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം പ്രത്യേക സിബിഐ കോടതിയേയോ ഹൈക്കോടതിയെയോ ആണ് സമീപിക്കേണ്ടത്. അത് കൊണ്ടാണ് ഹര്‍ജി പിന്‍വലിക്കുന്നത്.

അതേസമയം താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം താനൂരിലെത്തി. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുക്കും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂര്‍ ക്യാമ്പ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക.

error: Content is protected !!