Thursday, March 5

ഉദ്ഘാടനത്തിന് ഒരുങ്ങി താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം

•വാനനിരീക്ഷണ കേന്ദ്രത്തിന്റെ അവസാനഘട്ട പ്രവർത്തികൾ മന്ത്രി വി.അബ്ദുറഹ്മാൻ നേരിട്ട് എത്തി വിലയിരുത്തി.

കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമായ താനൂർ ഫിഷറീസ് ഹൈസ്കൂളിൽ സ്ഥാപിക്കുന്ന വാന നിരീക്ഷണ കേന്ദ്രത്തിന്റെയും അതിനോടനുബന്ധിച്ച ജ്യോതിശാസ്ത്ര പഠന കേന്ദ്രത്തിന്റെയും അവസാനഘട്ട പ്രവൃത്തികൾ ന്യൂനപക്ഷ ക്ഷേമ- കായിക-വഖഫ് വകുപ്പ്മന്ത്രി വി. അബ്ദുറഹ്മാൻ നേരിട്ടെത്തി വിലയിരുത്തി.

എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് പ്ലാനറ്റോറിയം ഒരുങ്ങുന്നത്. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം അതിനു കീഴിലെ ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമായാണ് വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല, ഗവേഷണ തല്പരർക്കും ഉപയുക്തമാകുന്ന രീതിയിലാണ് വാന നിരീക്ഷണ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും തയ്യാറാക്കിയത്.

അടിസ്ഥാന ജ്യോതിശാസ്ത്രവും വാനനിരീക്ഷണ തത്ത്വങ്ങളും കൂടാതെ, ഉപകരണങ്ങളുടെ അടിസ്ഥാനതത്വവും മനസ്സിലാക്കുന്ന പ്രദർശിനികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറു മീറ്റർ വ്യാസമുള്ള ഡോമോട് കൂടിയ, വാന നിരീക്ഷണ കേന്ദ്രമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
14 ഇഞ്ച് അപെർച്ചർ ഉള്ള അത്യാധുനിക വിദേശനിർമ്മിത ടെലി സ്കോപ്പ് ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം. ഇതുകൂടാതെ 12 ഇഞ്ച് ടെലസ്കോപ്പും റിഫ്രാക്റ്റീവ് റെസ്കോപ്പും നിരീക്ഷണത്തിനും സമുദ്രനിരീക്ഷണത്തിനും കൂടി സഹായകരമായ ബൈനോക്കുലറുകളും വാനനിരീക്ഷണ കേന്ദ്രത്തിലുണ്ട്.താനൂരിനും മലപ്പുറത്തിനും മാത്രമല്ലകേരളത്തിന്റെ തന്നെ ജ്യോതിശാസ്ത്ര നിരീക്ഷണത്തിനും പഠനത്തിനും മുതൽക്കൂട്ടാവുന്ന ഒരു സ്ഥാപനമാണിത്.

error: Content is protected !!