Tuesday, August 26

വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ദുരന്തമുണ്ടായപ്പോള്‍ മുതല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം അംഗീകരിച്ചത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നല്‍കി. എന്നാല്‍ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നതില്‍ ഇപ്പോഴും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍, അതിതീവ്ര ദുരന്തമായി കണക്കാക്കുന്നുവെന്നാണ് കത്തിലുള്ളത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിആര്‍എഫിലേക്കു പണം കൈമാറിയെന്നും കത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് അയച്ചത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള അധിക ഫണ്ടുകള്‍ സംസ്ഥാനത്തിന് ലഭിക്കുന്നതിന് അവസരമൊരുങ്ങും. എംപി ഫണ്ടുകള്‍ ഉപയോഗിക്കാനാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തഭൂമി സന്ദര്‍ശിച്ചിട്ടും സഹായം അനുവദിക്കുന്നതിനോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിനോ നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതോടെ കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടാന്‍ സംസ്ഥാനത്തിനു സാധിക്കും. എന്നാല്‍ കൂടുതല്‍ തുക അനുവദിക്കുന്നതിനെക്കുറിച്ച് കത്തില്‍ വ്യക്തമായി പറയുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കുക, ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, പുനര്‍നിര്‍മാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. ഇതില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ഇനി അനുവദിക്കില്ലെന്ന സൂചനയാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്.

error: Content is protected !!