ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. ഈ ബില്‍ രാജ്യസഭ ഡിസംബര്‍ 12ന് പാസ്സാക്കിയതാണ്.
തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമന ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് അവതരിപ്പിച്ചത്. പുതിയ ബില്‍ നിയമമാകുന്നതോടെ പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുക. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ ബില്‍.
സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്നവരില്‍ നിന്ന് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേര്‍ന്ന സമിതി കമ്മിഷണര്‍മാരെ നിയമിക്കണമെന്ന് നേരത്തെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇത് മറികടക്കുന്ന ബില്ലിനാണ് ഇപ്പോള്‍ ഇരുസഭകളും അംഗീകാരം നല്‍കിയിരിക്കുന്നത്. ബില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.