Friday, August 15

ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ല, പൂര്‍ണ പരാജയം ; പിവി അന്‍വര്‍

മലപ്പുറം : ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അര്‍ഹതയില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും പിവി അന്‍വര്‍. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്.

ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കണം. ഒരു റിയാസ് മതിയോ സഖാക്കള്‍ ആലോചിക്കട്ടെ. എന്തേ പാര്‍ട്ടിക്ക് ഇടപെടാന്‍ സാധിക്കാത്തത്? കേരളത്തിലെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് പാര്‍ട്ടിക്ക് കൊടുത്ത കത്തിന്റെ കോപ്പി ഞാന്‍ തരും. പ്രിയപ്പെട്ട സഖാക്കള്‍ പരിശോധിക്ക്, എന്നിട്ട് നിങ്ങള്‍ കല്ലെറിയ്. പുത്തന്‍വീട്ടില്‍ ഷൗക്കത്തലിയുടെ മകന്‍ പുത്തന്‍വീട്ടില്‍ അന്‍വര്‍ ഇതുകൊണ്ട് ആളാവനല്ല വന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് നില്‍ക്കുന്നത് ഒരു അഗ്‌നിപര്‍വത്തിന്റെ മുകളിലാണ്. കെട്ടവരുടെ കൈയ്യില്‍ നിന്ന് നല്ലവരുടെ കൈയ്യിലേക്ക് ഈ പാര്‍ട്ടി വന്നേക്കാം.

മുഖ്യമന്ത്രി അറിവില്ലാതെ ഈ തോന്ന്യവാസം നടക്കുമോ? പബ്ലിക്ക് ആയിട്ടല്ലേ കരിപ്പുരില്‍ നിന്നും അടിച്ചുകൊണ്ടുപോകുന്നത്. കേരളത്തില്‍ ഒരു റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി. പാര്‍ട്ടി എന്നു പറയുന്നത് പാര്‍ട്ടി സഖാക്കളാണ്. അതിനു മുകളിലുള്ള മേല്‍ക്കൂര മാത്രമാണ് പാര്‍ട്ടി നേതാക്കള്‍. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപ്പര്‍ നേതാക്കളാണ്. കാലില്‍ കൂച്ചുവിലങ്ങുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

error: Content is protected !!