പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് നായര്‍തോട് പാലം നിര്‍മാണം പുരോഗമിക്കുന്നു

തിരൂര്‍ : പുറത്തൂര്‍ പഞ്ചായത്തിന്റെ ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നായര്‍തോട് പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് തിരൂര്‍-പൊന്നാനി പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലമാണിത്. തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായര്‍തോട് പാലം നിര്‍മാണത്തിന് ഡല്‍ഹിയിലുള്ള ഇന്‍ലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെയാണ് പ്രവൃത്തികള്‍ വേഗത്തിലായത്.

പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ പടിഞ്ഞാറേക്കര നിവാസികള്‍ക്ക് പുറത്തൂര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലേക്കും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സാമൂഹികാരോഗ്യകേന്ദ്രം, കൃഷി ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ചുരുങ്ങിയ സമയത്തിനകം എത്തിച്ചേരാനാകും. നിലവില്‍ 15 കിലോമീറ്റര്‍ ചുറ്റി ഒന്നിലധികം ബസുകള്‍ കയറിയാണ് ഇവര്‍ മറുകരയിലെത്തുന്നത്. കടത്തുതോണി ഉണ്ടെങ്കിലും മഴക്കാലത്ത് പുഴയിലെ കുത്തൊഴുക്ക് കാരണം യാത്ര അപകടകരമാണ്.

പാലം യാഥാര്‍ത്ഥ്യമായാല്‍ പടിഞ്ഞാറേക്കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ കാവിലക്കാട് ഭാഗത്തെത്താം. തീരദേശ പാതയ്ക്കും പാലം ഗുണകരമാകും. കോഴിക്കോടുനിന്ന് തീരദേശ റോഡിലൂടെ വരുന്നവര്‍ക്ക് ഗതാഗത കുരുക്കില്‍പ്പെടാതെ ചമ്രവട്ടം പാലത്തിലെത്താം. പടിഞ്ഞാറേക്കര അഴിമുഖം, ബീച്ച് ടൂറിസം വികസന പദ്ധതികള്‍ക്കും ഈ പാലം ഗുണകരമാകും.
52 കോടിയോളം രൂപ ചെലവഴിച്ചാണ് പാലവും അനുബന്ധ റോഡിന്റെയും നിര്‍മാണം. 432 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ആറ് മീറ്ററിന്റെ എട്ട് സ്പാനുകളും 35 മീറ്ററില്‍ ആറ് സ്പാനുകളും ഉള്‍പ്പടെ 15 സ്പാനുകളാണ് പാലത്തിനുണ്ടാവുക. ജലഗതാഗതത്തിന് സൗകര്യമാകുന്ന വിധം പാലത്തിന് നടുവിലായി 55 മീറ്റില്‍ ഒരു സ്പാനും നിര്‍മിക്കും. 11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ ഇരുവശത്തും ഒന്നര മീറ്റര്‍ നടപ്പാതയും ഒരുക്കുന്നുണ്ട്.

error: Content is protected !!