ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ 23 ന് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് നിലമ്പൂര്‍ അമല്‍ കോളെജിലാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറക്കും.

ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി മൂന്ന് ഹാളുകളാണ് കൗണ്ടിങിനായി സജ്ജീകരിച്ചിട്ടുള്ളത്. ബന്ധപ്പെട്ട മണ്ഡലങ്ങളുടെ ഉപവരണാധികാരികള്‍ നേതൃത്വം നല്‍കും. ഓരോ ഹാളിലും 14 വീതം ടാബിളുകള്‍ ഉണ്ടാകും. ഒരു കൗണ്ടിങ് സൂപ്രവൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ ടാബിളിലും ഉണ്ടാകുക.

മൂന്ന് മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളാണ് അമല്‍ കോളെജില്‍ എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ വയനാട്ടില്‍ വെച്ചാണ് എണ്ണുക. ഫലപ്രഖ്യാപനം വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. ജില്ലയിലെ വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് നിരീക്ഷകര്‍ എത്തുന്നുണ്ട്.

error: Content is protected !!