പെരിന്തൽമണ്ണ : കാസർകോടു മുതൽ തൃശ്ശൂർ വരെയുള്ള ഏഴ് ജില്ലകളിലെ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസസ് പരിശീലനം നൽകുന്ന പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് നാടിന് സമർപ്പിച്ചു.
നജീബ് കാന്തപുരം എം.എൽ.എ. മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗജന്യ സിവിൽ സർവീസ് അക്കാദമി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഓഫീസ്‌ക്കെട്ടിടം റവന്യൂമന്ത്രി കെ. രാജനും സ്റ്റുഡന്റ്‌സ് ലോഞ്ച് ഓൺലൈനായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡിജിറ്റൽ സ്റ്റുഡിയോ എം.പി. അബ്ദുസമദ് സമദാനി എം.പി.യും ഉദ്ഘാടനംചെയ്തു. പി.ബി. നായർ സ്മാരക ലൈബ്രറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യും ഡിജിറ്റൽ ക്ലാസ് റൂം ഷാഫി പറമ്പിൽ എം.എൽ.എ.യും ഹോസ്റ്റൽ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും റൂഫ് ടോപ്പ് സ്റ്റഡ് സർക്കിൾ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഉദ്ഘാടനംചെയ്തു.
നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു. സിവിൽ സർവീസസ് അക്കാദമി ഗവേണിങ് ബോഡി ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വിവിധ ഉപഹാരങ്ങളും സമർപ്പിച്ചു. ശശി തരൂർ എം.പി. ഓൺലൈനിലൂടെ ആശംസയറിയിച്ചു. എം.എൽ.എ. മാരായ മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, യു.എ. ലത്തീഫ്, പി. അബ്ദുൾഹമീദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ, കളക്ടർ വി.ആർ. പ്രേംകുമാർ, സബ്കളക്ടർ ശ്രീധന്യ സുരേഷ്, മുദ്ര എജ്യുക്കേഷണൽ സൊസൈറ്റി ഡയറക്ടർ ഡോ. പി. ഉണ്ണീൻ തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ ഐ.എസ്.എസ്. വിദ്യാഭ്യാസ കാമ്പസിൽ തുടങ്ങിയ അക്കാദമിയിൽ നൂറ് കുട്ടികൾക്കാണ് ആദ്യബാച്ചിൽ പരിശീലനം നൽകുന്നത്. വിവിധ മത്സരപ്പരീക്ഷകളിലൂടെയും അഭിമുഖത്തിലൂടെയും തിരഞ്ഞെടുക്കപ്പെട്ടവരാണിവർ. താമസസൗകര്യത്തോടെയുള്ള അക്കാദമിയിൽ ലൈബ്രറി, കോൺഫറൻസ് ഹാൾ, ഡിജിറ്റൽ ക്ലാസ്‌മുറികൾ, ഡിജിറ്റൽ സ്റ്റുഡിയോ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ പ്രധാന പങ്കാളിയായ പദ്ധതിയിൽ വ്യവസായ, ആരോഗ്യ, ഐ.ടി. സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്.