
കൊച്ചി എളമക്കരയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി പി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്‌ക്കെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പൊലീസിന് മൊഴി നല്‍കി. ഒരു മാസത്തോളമായി അവസരത്തിനായി കാത്തിരുന്നുവെന്നും ലോഡ്ജില്‍ മുറി എടുത്തത് കൊല്ലാന്‍ ഉറപ്പിച്ചാണെന്നും ഷാനിഫ് പൊലീസിനോട് പറഞ്ഞു.
സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ഷാനിഫും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗര്‍ഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒന്നരവര്‍ഷമായി കൊച്ചിയില്‍ പലയിടത്തായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. കുഞ്ഞിന്റെ പേരില്‍ അശ്വതിയും പങ്കാളി ഷാനിഫും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും താന്‍ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമുളള നിലപാടിലാണ് അശ്വതി. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല.
ഡിസംബര്‍ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി എരമല്ലൂര്‍ സ്വദേശിയായ യുവതിയും കണ്ണൂര്‍ സ്വദേശിയായ യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവര്‍ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കുഞ്ഞിന്റെ ദേഹത്തെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട ഡോക്ടറാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യില്‍ നിന്ന് വീണതാണെന്നാണ് ഇവര്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാന്‍ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചുവെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.