കൊടിഞ്ഞി: വീടകങ്ങളിലെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടന്ന് മനസ്സ് തുറന്ന് ചിരിക്കാനും പഴയ കളിക്കൂട്ടുകാരെ ഒരിക്കൽ കൂടി കാണാനും നൂറോളം വരുന്ന എഴുപത് കഴിഞ്ഞ “ യുവതി യുവാക്കള്‍” കൊടിഞ്ഞി ഐ.ഇ.സി സ്കൂള്‍ അങ്കണത്തിൽ ഒത്തുചേർന്നു. ടി.എം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാക്ക് സീനിയേഴ്സ്, മൈ കൊടിഞ്ഞി എന്നിവയുടെ സഹകരണത്തോടെയാണ് ഈ അപൂർവ സംഗമത്തിന് വേദിയൊരുക്കിയത്. പിഞ്ചു കുഞ്ഞുങ്ങള്‍ റോസാപൂക്കള്‍ നൽകി അതിഥികളെ സ്വീകരിച്ചത് നയാനന്ദകരമായ കാഴ്ചയായി.
കാളിയമ്മയുടെ നാടൻപാട്ടുകളും ഞാറ്നടീൽ പാട്ടുകളും തിത്തിക്കുട്ടിയമ്മയുടെ മാപ്പിളപ്പാട്ടുകളും അവരെ പഴയ കാല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി. ഐ.ഇ.സി ഹെവൻസ് പ്രീസ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറെ ഹൃദ്യമായി. പ്രായാധിക്യം നൽകിയ അവശതകള്‍ക്ക് അവധി നൽകി, പാടിയും പറഞ്ഞും മനസ്സ് തുറന്ന് ചിരിച്ചും അവർ പുതിയ സൌഹൃദങ്ങളുടെ വർണകുപ്പായങ്ങള്‍ നെയ്തെടുത്തു.
കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളി കമ്മറ്റി പ്രഡിഡണ്ട് പി.സി മുഹമ്മദ് ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് പാട്ടശ്ശേരി അലവി ഹാജി അധ്യക്ഷത വഹിച്ചു. അദീബ് മംഗലശ്ശേരി, സി.പി ലുബ്ന എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. കുഞ്ഞാലൻ ഹാജി, പാലക്കാട്ട് ഹംസ ഹാജി, ഷാഹുൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിവിധ പള്ളി കമ്മറ്റികളെ പ്രതിനിധീകരിച്ചു കൊണ്ട് പാലക്കാട്ട് ബാപ്പു മാസ്റ്റർ, വി.കെ രായിൻ കുട്ടി ഹാജി, പാലക്കാട്ട് ഹംസഹാജി, ഐ.ഇ.സി ട്രസ്റ്റ് ചെയർമാൻ പി. അബ്ദുസ്സലാം സാഹിബ്, വിവിധ ക്ഷേത്ര കമ്മറ്റികളെ പ്രതിനിധീകരിച്ചു കൊണ്ട് അങ്കത്തിൽ അപ്പുക്കുട്ടൻ, ചെറുകൊടി പറമ്പ് അപ്പുക്കുട്ടൻ, കണ്ണംപള്ളി രാജൻ എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ വീ.കെ ഷഫീഖ് സ്വാഗതവും സറീന നന്ദിയും പറഞ്ഞു.
ജീവിതത്തിൽ ഇനിയും ഏറെ ചെയ്തു തീർക്കാനുണ്ടെന്നും സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ ഇടപെടാനാകുമെന്നുമുള്ള ബോധ്യത്തോടെ, വീണ്ടും ഒത്തുചേരണമെന്ന ധാരണയിലാണ് വയോധികർ, നിറഞ്ഞ മനസ്സോടെ പിരിഞ്ഞു പോയത്.