കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി ; വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങൾ

കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് സഊദി സമയം പുലർച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീർത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്.


ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും തീർത്ഥാടകർക്ക് എല്ലാ നിലയിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ഇതുവരെ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സഊദി അറേബ്യയിൽ എത്തിയാൽ ലക്ഷങ്ങൾ സംബന്ധിക്കുന്ന ഹജ്ജ് വേളയിൽ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ സാഹചര്യങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാൻ എല്ലാവരും പരസ്പരം സഹകരിക്കണമെന്നും തീർത്ഥാടകരോട് മന്ത്രി അഭ്യർത്ഥിച്ചു.

കേരളത്തിലെ തീർത്ഥാടർക്ക് വിവിധ ഘട്ടങ്ങളിലായി നൽകിയ പരിശീലന ക്ലാസ്സുകളൾ യാത്രയിലും ഹജ്ജ് വേളയിലും അങ്ങേയറ്റം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് ക്യാമ്പിൽ നിസ്വാർതരായ അനേകം നല്ല മനുഷ്യരുടെ പ്രതിഫലേഛയില്ലാത്ത സേവനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്. പ്രവർത്തനങ്ങൾ ഭംഗിയാക്കുന്നതിന് സഹായിച്ച വോളണ്ടിയർമാർ ഉൾപ്പടെ എല്ലാവരേയും പ്രാർത്ഥനയിൽ ഓർക്കണമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.


കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് തീർത്ഥാടന യാത്രക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുയും പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെക്കുകയും ചെയ്ത് സർവ്വീസിൽ നിന്നും വിരമിക്കുന്ന എയർപോർട്ട് ഡയറക്ടർ സി. വി. രവീന്ദ്രനാദിനു ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം മന്ത്രി കൈമാറി. പി. നന്ദകുമാർ എം.എൽ.എ തീർത്ഥാടകർക്ക് യാത്രാ മംഗളങ്ങൾ നേർന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി പ്രാർത്ഥന നടത്തി. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള, ഹജ്ജ് കമ്മിറ്റി അംഗം കെ. ഉമർ ഫൈസി മുക്കം, അഷ്കർ കോറാട് ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ആർ. വിനോദ് ഐ.എ.എസ്, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹികളായ അബ്ദുറഹിമാൻ, ബാവ തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ കക്കൂത്ത് സ്വാഗം പറഞ്ഞു. ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ് യാത്രാ നിർദ്ദേശങ്ങൾ നൽകി. ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസർ യു. അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), ഹസൻ സഖാഫി തറയിട്ടാൽ യൂസുഫ് പടനിലം, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, ട്രൈനർമാർ, ക്യാമ്പ് വോളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


എം.പി അബ്ദുസ്സമദ് സമദാനി ചൊവ്വാഴ്ച വൈകുന്നരം ഹജ്ജ് ക്യാമ്പിലെത്തി തീർത്ഥാടകർക്ക് യാത്രാ മംഗളങ്ങൾ നേർന്നു. കരിപ്പൂരിൽ നിന്നും തീർത്ഥാടകരെ തികഞ്ഞ സംതൃപ്തിയോടെ യാത്രയാക്കാൻ പ്രയത്നിച്ച എല്ലാവർക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു. മെയ് 9 മുതൽ ആരംഭിച്ച കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചവർ അനവധിയാണ്. സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, ജനപ്രതിനിധികൾ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ കലക്ടർ, എയർപോർട്ട് അതോറിറ്റി, സർക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഹജ്ജ് കമ്മിറ്റി ട്രൈനർമാർ, ഹജ്ജ് ക്യാമ്പിൽ നിസ്വാർത്ഥ സേവനം ചെയ്ത വോളണ്ടിയർമാർ, മെഡിക്കൽ ടീം, പോലീസ്, ഫയർ & സേഫ്റ്റി ഉദ്യോഗസ്ഥർ, സി ഐ. എസ്. എഫ്, എമിഗ്രേഷൻ, കസ്റ്റംസ് ഉദ്യോഗസ്ഥർ, എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് ജീവനക്കാർ, ഹജ്ജ് സെൽ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ഹരിത കർമ്മ സേന, കെ എസ് ആർ ടി സി, ബി എസ് എൻ എൽ, കെ.എസ്.ഇ.ബി, സിവിൽ സപ്ലൈസ്, ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, സന്നദ്ധ സേവകർ, സ്ഥാപനങ്ങൾ തുടങ്ങി എല്ലാവരുടേയും യോജിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ടാണ് ക്യാമ്പ് വിജയകരമായത്.
തീർത്ഥാടകർക്കായി കൈമൈ മറന്ന് സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത വോളണ്ടിയർമാർക്കുള്ള അനുമോദന സംഗമവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ക്യാമ്പിൽ ഭക്ഷണ പാചക, വിതരണം നടത്തിയ കരാർ ടീം അംഗങ്ങളുടെ പ്രത്യേക സംഗമവും ഇന്ന് ചൊവ്വാഴ്ച ഹജ്ജ് ഹൗസിൽ നടന്നു. ആരിഫ് ഹാജി കോഴിക്കോട് സംബന്ധിച്ചു.


ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് ആരംഭിച്ചത്. 31 വിമാനങ്ങളിലായി 5339 തീർത്ഥാടകരാണ് വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിനായി പുറപ്പെട്ടത്. ഇതിൽ 2202 പേർ പുരുഷന്മാരും 3137 പേർ വനിതാ തീർത്ഥാടകരുമാണ്. അഞ്ച് വിമാനങ്ങളിൽ പുരുഷ തുണയില്ലാത്ത വനിതാ തീർത്ഥാടകർ മാത്രമാണ് യാത്രയായത്. തമിഴ്നാട്ടിൽ നിന്നുള്ള ഏഴ്, കർണാടകയിൽ നിന്നുള്ള പത്ത് പേരും കരിപ്പൂർ വഴിയാണ് പുറപ്പെട്ടത്. 33 എസ്.എച്.ഐ മാരാണ് തീർത്ഥാടകരുടെ സഹായത്തിനായി അനുഗമിച്ചിട്ടുള്ളത്.

അവസാന വിമാനത്തിലേക്കുള്ള തീർത്ഥാടകർ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തി. ഉച്ചക്ക് രണ്ട് മണിക്ക് ഇവർക്കുള്ള രേഖകൾ കൈമാറി. മഗ് രിബ് ഇശാ നിസ്കാരങ്ങൾ ഒരുമിച്ച് നിർവ്വഹിച്ച് ഭക്ഷണം കഴിച്ച് രാത്രി ഒമ്പത് മണിയോടെ സംഗം എയർപോർട്ടിലേക്ക് തിരിച്ചു. വികാരഭരിതമായാണ് വോളണ്ടിയർമാരും ക്യാമ്പ് ഉദ്യോഗസ്ഥരും അസാനത്തെ സംഘത്തെ യാത്രയാക്കിയത്. പുറപ്പെട്ട എല്ലാവർക്കും ആരോഗ്യത്തോടെ പരിപൂർണ്ണമായ രൂപത്തിൽ ഹജ്ജ് കർമ്മത്തിന് ഉതവിയുണ്ടാവട്ടെയെന്ന പ്രാർത്ഥനയും ആശംസയും നേർന്നു കൊണ്ടാണ് എല്ലാവരും ക്യാമ്പ് വിട്ടിറങ്ങിയത്.

കോഴിക്കോട് നിന്നും ബുധനാഴ്ച മൂന്ന് വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്. പുലർച്ചെ 12.31 നും രാവിലെ 8.41 നും വൈകുന്നേരം 5.35 നുമാണ് വിമാനങ്ങൾ പുറപ്പെട്ടത്.

കണ്ണൂരിൽ നിന്നും ബുധനാഴ്ച പുലർച്ചെ 3.38 ന് പുറപ്പെട്ട വിമാനത്തിൽ 86 പുരുഷന്മാരും 85 സ്ത്രീകളുമാണ് യാത്രയായത്. വ്യാഴാഴ്ച രാത്രി 7.25 നാണ് സർവ്വീസ്. വെള്ളിയാഴ്ച രണ്ട് വിമാനങ്ങൾ സർവ്വീസ് നടത്തും.


കൊച്ചിയിൽ നിന്നും ബുധനാഴ്ച മൂന്ന് വിമാനങ്ങളിലായി 846 തീർത്ഥാടകർ യാത്രയായി. വ്യാഴാഴ്ച രാവിലെ 9.30 നും രാത്രി 8.20 നുമാണ് സർവ്വീസ്. വെള്ളിയാഴ്ചയിലെ സർവ്വീസ് രാത്രി 8.20 നാണ്.

error: Content is protected !!