
മലപ്പുറം: എടവണ്ണ ചെമ്പന്‍ കുത്ത് മലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. എടവണ്ണ ലഹരി മരുന്ന് കേസിലെ പ്രതി റിഥാന്‍ ബേസിലിനെയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഥാന്റെ സുഹൃത്ത് എടവണ്ണ മുണ്ടെങ്ങര സ്വദേശി ഷാന്‍ മുഹമ്മദാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
പോസ്റ്റ് മോര്‍ട്ടത്തിനിടെ റിഥാന്റെ ശരീരത്തില്‍ നിന്നും ഒരു വെടിയുണ്ട കണ്ടെടുത്തിരുന്നു. തലയില്‍ ചെവിക്ക് മേലെയും നെഞ്ചിന് തൊട്ടു താഴെയായി വയറിലുമാണ് വെടിയേറ്റത്. കേസില്‍ റിഥാനുമായി ബന്ധപ്പെട്ട 20 ലധികം പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷം ആണ് ഷാനിലേക്ക് അന്വേഷണം എത്തിയത്. റിഥാനെ വെടിവെച്ച് കൊന്നതെന്ന് പ്രതി സമ്മതിക്കുകയും, വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് വീട്ടിലുണ്ടെന്നും സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി കൃത്യം ചെയ്യാന്‍ ഉദ്ദേശിച്ച് റിഥാനെ ചെമ്പന്‍ കുത്ത് മലയിലേക്ക് വിളിച്ച് വരുത്തുക ആയിരുന്നു. ഷാനും റിഥാനും സുഹൃത്തുകള്‍ ആയിരുന്നു. ലഹരി കടത്ത് ശൃംഖലയിലെ കണ്ണികളുമായിരുന്നു. വ്യക്തി വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. കേസില്‍ മറ്റാരെങ്കിലും ഷാനിനെ സഹായിച്ചോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.