മങ്കട : മഞ്ഞളാംകുഴി അലി എംഎൽഎയുടെ ഇടപെടലിൽ കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിന് വഴിയൊരുങ്ങി. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. സമീപവാസികൾ വിട്ടുനൽകിയ സ്ഥലത്തിലൂടെ റോഡ് ഒരുക്കിയിരുന്നു. ഈ റോഡാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത്. ചെറയകുത്ത് അബൂബക്കർ ഹാജി, എം.ഉസ്മാൻ
എന്നിവർ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്തിലൂടെയാണ് പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽനിന്ന് ക്ഷേത്രത്തിലേക്ക് 60 മീറ്റർ നീളത്തിലും 10 അടി വീതിയിലുമുള്ള റോഡ് നിർമിച്ചത്.പ്രദേശത്തെ സൗഹാർദാന്തരീക്ഷം നിലനിർത്താൻ നേരത്തേ മഞ്ഞളാംകുഴി അലി എംഎൽഎ, ആർഡിഒ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ വഴിക്കാവശ്യമായ സ്ഥലം സൗജന്യമായി നൽകാമെന്ന് സ്ഥലമുടമകൾ സമ്മതിക്കുകയും റോഡ് മാപ് തയാറാക്കുകയും ചെയ്തു. ഇതിലൂടെയാണ് റോഡ് നിർമിച്ചത്. റോഡ് മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.