അരുതാത്തവയോട് നോ പറയാനുള്ള നെഞ്ചുറപ്പ് പുതു തലമുറക്കുണ്ടാകണം : പരപ്പനങ്ങാടി എസ്എച്ച്ഒ

പരപ്പനങ്ങാടി: അരുതാത്തവയോടെല്ലാം നോ എന്ന് പറയാനുള്ള നെഞ്ചുറപ്പാണ് പുതിയ തലമുറ ആര്‍ജ്ജിച്ചെടുക്കേണ്ടതെന്ന് പരപ്പനങ്ങാടി പോലീസ് എസ് എച്ച് ഒ വിനോദ് വലിയത്തൂര്‍ പറഞ്ഞു. പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ ഭാഗമായി തുടങ്ങുന്ന പെംസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും പരിസ്ഥിതി ദിന മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും എസ് എച്ച് ഒ നിര്‍വഹിച്ചു.

ലഹരിയും സൈബര്‍ കുറ്റകൃത്യങ്ങളും ലൈംഗിക അരാജകത്വവും പലതരത്തിലുള്ള സാമൂഹ്യ ജീര്‍ണതകളും അക്രമങ്ങളും കൊലപാതകങ്ങളും വരെ നിത്യ സംഭവമായ വര്‍ത്തമാന സാമൂഹ്യ സാഹചര്യത്തില്‍ കൃത്യമായ ജാഗ്രതയും പ്രതിരോധവും വിദ്യാര്‍ത്ഥികള്‍ പരിശീലിക്കേണ്ടതുണ്ട്. ഓരോ ദിവസവും പുറത്ത് നിന്നുണ്ടാവുന്ന അനുഭവങ്ങള്‍ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കണം. അധ്യാപകരും രക്ഷിതാക്കളും നിയമപാലകരുമൊക്കെ അടങ്ങുന്ന സംവിധാനങ്ങളില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പി ടി എ പ്രസിഡന്റ് പി കെ ഫിറോസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എം ബി ബീന, മാനേജര്‍ ഇ ഒ ഹമീദ്, അഡ്മിനിസ്‌ട്രേറ്റര്‍ മന്‍സൂറലി ചെമ്മാട്, ശ്യാംലാല്‍, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!