
മലപ്പുറം : നിറത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘമായ കൊണ്ടോട്ടി പൊലീസിന് കൈമാറി. അബൂദബിയില്‍ നിന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് പ്രതി വിമാനത്താവളത്തിലെത്തിയത്. കൊണ്ടോട്ടിയിലെ വീട്ടില്‍ വച്ച് ഷഹാന മുംതാസ് എന്ന 19 കാരി കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്.
ഷഹാനയുടെ ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനെതിരെ പോലീസ് കഴിഞ്ഞദിവസം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഭര്‍ത്താവിനെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് ഷഹാനയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.