മുന്നിയൂർ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. വെളിമുക്ക് കൂഫ റോഡിൽ 9 മാസമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെയാണ് കണ്ടെത്തിയത്. തിരൂരങ്ങാടി നരിക്കോട്ട് മേച്ചേരി അബ്ദുല്ലക്കുട്ടിയുടേതാണ് വണ്ടി. ഇയാൾ വെളിമുക്ക് കാട്ടുവച്ചിറ ക്ഷേത്രത്തിലെ ഉത്സവം കാണാൻ വന്നപ്പോൾ നിർത്തിയിട്ടതായിരുന്നത്രെ. തിരിച്ചു വന്നപ്പോൾ വണ്ടി കണ്ടില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നിരവധി തവണ സ്റ്റേഷനിൽ അന്വേഷിച്ചു പോകുകയും ചെയ്‌തെങ്കിലും വിവരം ലഭിച്ചില്ല. ബൈക്ക് ഉപേക്ഷിച്ചു കിടന്ന വിവരം നാട്ടുകാരും പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ പോലീസും ഇക്കാര്യം അറിയിച്ചില്ല. സംഭവം പ്രദേശത്തുകാർ അറിയിച്ചതിനെ തുടർന്ന് ‘തിരൂരങ്ങാടി റ്റുഡ’യിൽ വാർത്ത നൽകിയതിനെ തുടർന്നാണ് ഉടമ വിവരം അറിഞ്ഞത്. തുടർന്ന് ഇയാൾ നാട്ടുകാരനായ കൊട്ട റഷീദുമായി ബന്ധപ്പെടുകയായിരുന്നു. ഉത്സവ സ്ഥലത്തു നിന്നും ആരെങ്കിലും കൊണ്ടുപോകാൻ ശ്രമിച്ചതാകുമെന്നാണ് കരുതുന്നത്.