കൊണ്ടോട്ടി : വ്യാജ സ്വർണ ക്യാപ്‌സൂലുകളുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. പയ്യോളി മേപ്പയൂർ തട്ടാർ പൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെയാണ് വ്യാജ സ്വർണ ക്യാപ്സുളുമായി പിടികൂടിയത്. കസ്റ്റംസ് ന് വ്യാജ വിവരം നൽകി സ്വർണം കടത്താൻ കൂട്ടു നിൽക്കുകയായിരുന്നു ഇയാൾ.
സംഭവം ഇങ്ങനെ … സ്വർണവുമായി ഒരു യാത്രക്കാരൻ ഇന്നു വൈകുന്നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്ന രഹസ്യ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൗഷാദിനെ തടഞ്ഞു നിർത്തി വിശദമായി പരിശോധിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ തന്റെ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നു നൗഷാദ് സമ്മതിക്കുകയും നാലു ക്യാപ്‌സൂലുകൾ നൗഷാദ് ഉദ്യോഗസ്ഥർക്ക് എടുത്തു കൊടുക്കുകയും ചെയ്തു. എന്നാൽ അവയുടെ തൂക്കം നോക്കിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി.
വെറും 262 ഗ്രാം തൂക്കം മാത്രമാണ് ആ നാലു ക്യാപ്‌സൂലുകൾക്കുമായി ഉണ്ടായിരുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അവ വ്യാജ ക്യാപ്‌സൂലുകളാണെന്നു നൗഷാദ് സമ്മതിച്ചു. ദോഹയിൽ നിന്നും വിമാനം കയറുന്നതിനു മുൻപ് തന്നെ സ്വർണമടങ്ങുന്ന ക്യാപ്സ്യൂളുകൾ അവിടെ ഒരാൾക്ക് കൈമാറിയെന്നും വ്യാജ ക്യാപ്സ്യൂളുകൾ അയാളിൽ നിന്നും പകരം വാങ്ങി ശരീരത്തിനകത്ത് വെച്ച് യാത്ര ചെയ്യുകയാണ് ചെയ്തതെന്നും നൗഷാദ് വ്യക്തമാക്കി.
ഇത്തരത്തിൽ പൊട്ടിക്കുന്നതിനു കൂട്ട് നിന്നതിനു തനിക്കു പത്ത് ലക്ഷം പ്രതിഫലം അവർ തരാമെന്നു പറഞ്ഞിരുന്നതായും അയാൾ വ്യക്തമാക്കി. കസ്റ്റംസ് പിടികൂടുമ്പോൾ നൽകുന്ന സമൻസ് ദുരുപയോഗം ചെയ്ത് വ്യാജ സമൻസുകൾ ഉണ്ടാക്കി കള്ളക്കടത്തു സംഘത്തെ പറ്റിക്കുകയാണ് പൊട്ടിക്കൽ സംഘത്തിന്റെ രീതി. ഈ സംഘം തന്നെയാണ് താൻ വരുന്ന വിവരം കസ്റ്റംസിനു നൽകിയത് എന്നും നൗഷാദ് വ്യക്തമാക്കി. കസ്റ്റംസ് തുടർ അന്വേഷണം ആരംഭിച്ചു.