
കുന്നമംഗലം : ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലഹരി മരുന്ന് എത്തിക്കുന്ന രാജ്യാന്തര ബന്ധമുള്ള മൊത്ത വിൽപ്പനക്കാരനെ കുന്നമംഗലം പോലീസ് പിടികൂടിയത് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജനുവരിയിൽ കാരന്തൂർ ലോഡ്ജിൽ നിന്നും 221 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണാടകയിലെ ഹാസനിൽ വെച്ചാണ് മംഗളൂരു സ്വദേശി ഇമ്രാൻ (30) പിടിയിലായത്.
കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആന്ധ്രയിലും ബംഗളൂരുവിലും തിരുവമ്പാടിയിലും കഞ്ചാവ് പിടിച്ചതിനെത്തുടർന്ന് പോലീസ് കേസുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുകയായിരുന്നു ഇമ്രാൻ. കാരന്തൂർ എംഡിഎംഎ പിടിച്ച കേസിൽ നേരത്തെ അറസ്റ്റിലായവരെ ബെംഗളൂരു എത്തിച്ച് പ്രതികൾ താമസിച്ച ലോഡ്ജുകളിൽ പരിശോധന നടത്തിയപ്പോൾ മറ്റു പ്രതികളെ കുറിച്ച് വിവരവങ്ങൾ ലഭിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ 2 ടാൻസാനിയൻ സ്വദേശികളും ഒരു നൈജീരിയൻ പൗരനും അടക്കം 8 പേർ അറസ്റ്റിലായിരുന്നു. ഇരുപതോളം ലോഡ്ജുകളിലെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് ഹാസനിലെ ലോഡ്ജിൽ നിന്നും ഇയാളെ തിങ്കളാഴ്ച വൈകിട്ടോടെ പോലീസ് പിടികൂടിയത്.
ഇയാളുടെ മുറിയിൽ നിന്നും 2 മൊബൈൽ, 4 വൈഫൈ റൂട്ടർ, എംഡിഎംഎ വലിക്കാനുപയോഗിക്കുന്ന ഗ്ലാസ് കുഴൽ, ഇലക്ട്രിക് ത്രാസ് എന്നിവ കണ്ടെത്തി. കുന്നമംഗലം കോടതി റിമാൻഡ് ചെയ്തു. ഡെപ്യുട്ടി പോലീസ് കമ്മീഷണർ അരുൺ കെ.പവിത്രൻ, മെഡിക്കൽ കോളജ് അസി.കമ്മീഷണർ എ.ഉമേഷ്, കുന്നമംഗലം എസ്എച്ഒ എസ്.കിരൺ എന്നിവരുടെ നേതൃത്വത്തിൽ കുന്നമംഗലം എസ്ഐ എ.നിതിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.