
തിരുവനന്തപുരം: മലബാര്‍ മേഖലയിലെ നി.കെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി റവന്യൂ മന്ത്രി കെ രാജന്‍. ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികള്‍ക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുകയെന്നും മന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ മലപ്പുറം ജില്ലാ റവന്യൂ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ കടല്‍ പുറമ്പോക്ക് പട്ടയ പ്രശ്‌നം പരിഹരിക്കാനായി സര്‍വെ വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാവണമെന്ന് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ സ്വതന്ത്യ സമരചരിത്രമായി ബന്ധമുള്ള മഞ്ചേരിയിലെ സത്രം ഭൂമി പട്ടയ പ്രശ്‌നം പരിഹരിച്ച് 180 കുടുംബങ്ങള്‍ക്ക് ഭൂമി സ്വന്തമാക്കിയതുള്‍പ്പടെ പുതിയ ചരിത്രം രചിച്ച ജില്ലയാണ് മലപ്പുറം. 2021 മുതല്‍ ഇതുവരെ 38,882 പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തു. 2024-25 വര്‍ഷത്തില്‍ മാത്രം 8,706 പട്ടയങ്ങള്‍ നല്‍കിയതായും ഡിജിറ്റല്‍ സര്‍വെയുടെ കാര്യത്തില്‍ കാലതാമസം വരുത്താതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഒന്നാംഘട്ടത്തില്‍ 22,663 ഹെക്ടര്‍ ഭൂമിയിലെ ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 31,433 ഹെക്ടറിലും, മൂന്നാം ഘട്ടത്തില്‍ 4502 ഹെക്ടറിലും ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
എംഎല്‍എ ഡാഷ് ബോര്‍ഡ് വഴി 2021 ല്‍ ലഭിച്ച 116 പരാതികളും 2022 ല്‍ ലഭിച്ച 143 പരാതികളും 2023 ല്‍ ലഭിച്ച 132 പരാതികളും 2024 ലഭിച്ച 125 പരാതികളും പൂര്‍ണമായും തീര്‍പ്പാക്കിയിട്ടുണ്ട്. ജില്ലയില്‍ 29 സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ജില്ലയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ കെ പി എ മജീദ്, പി നന്ദകുമാര്‍, മഞ്ഞളാംകുഴി അലി, പി ഉബൈദുള്ള, കുറുക്കൊളി മൊയ്തീന്‍, യു എ ലത്തീഫ്, നജീബ് കാന്തപുരം, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ മണ്ഡലങ്ങളിലെയും ജില്ലയിലെ പൊതു പ്രശ്‌നങ്ങളും ഉന്നയിച്ചു. തിരൂര്‍ ആസ്ഥാനമായി പുതിയൊരു ജില്ലയും, മലപ്പുറം ആസ്ഥാനമാക്കി പുതിയൊരു താലൂക്കും വേണമെന്ന ആവശ്യം ഉയര്‍ന്നു. വിദേശത്ത് വച്ച് ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്‌ട്രേഷന് നടപടി ഉണ്ടാവണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
റവന്യൂ – ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എ ഗീത, സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവറാവു ഐ എല്‍ ഡി എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനു എസ് നായര്‍ തുടങ്ങിയവരും പങ്കെടുത്തു. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ കെ മീരസ്വാഗതംപറഞ്ഞു.