സ്ഥിരം സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപയും ; മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം അവസാനിപ്പിച്ചു

മാനന്തവാടി : മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ വന്‍പ്രതിഷേധം അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലിയും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപയും എന്നതുള്‍പ്പെടെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തില്‍ തീരുമാനത്തില്‍ എത്തിയതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്നും വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടര്‍ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാര്‍ശ ഉടന്‍തന്നെ നല്‍കും.10 ലക്ഷത്തിനു പുറമെ 40 ലക്ഷം കൂടി നല്‍കണമെന്ന ആവശ്യത്തില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

അതേസമയം ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം. എന്നാല്‍ ആനയെ കൊല്ലണമെന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും. ഇന്ന് മയക്കുവെടിവെക്കാന്‍ സാധ്യത കുറവെന്നാണ് വിലയിരുത്തല്‍.

error: Content is protected !!