കാലവര്‍ഷം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം : ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുകയാണ്‌ ദുരന്തത്തിന്റെ കാഠിന്യം കുറയ്‌ക്കാനുള്ള പ്രധാന മാർഗം.

മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണം. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഇന്‍സിഡന്‍സ് റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര്‍.എസ്) ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികളും മുന്നൊരുക്കങ്ങളും വിലയിരുത്തി. വില്ലേജ് തല ദുരന്തനിവാരണ കമ്മിറ്റികള്‍ ചേരാത്ത സ്ഥലങ്ങളില്‍ അടിയന്തിരമായി സമിതികള്‍ ചേരും. പൊന്നാനിയില്‍ കിളര്‍ പള്ളിക്ക് സമീപമുള്ള മദ്രസാ കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ പൊതുജനങ്ങളെ സമീപത്തു നിന്നു മാറ്റാനും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അരീക്കോട് വെറ്റിലപ്പാറയില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഭാഗത്ത് നിന്നും ജനങ്ങളെ അടിയന്തരമായി മാറ്റി താമസിപ്പിക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 26 അംഗ സംഘം നിലമ്പൂര്‍ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നീലഗിരി ഭാഗങ്ങളിലെ മഴ മുന്നറിയിപ്പുകളും അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്.

error: Content is protected !!