
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 38-ാം തവണയും മാറ്റിവെച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വാനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും വി എം സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി എത് സമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ വന്‍സജ ശുക്ല കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്.
കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂര്‍ത്തിയായില്ലെങ്കില്‍ മേയ് 2നും തുടരും. കേസില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നല്‍കിയ അപ്പീല്‍ മേയ് 7ന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. സുധീരന്റെ അപ്പീലില്‍ ഇതുവരെയും നോട്ടിസ് ആകാത്തതിനാലാണ് പ്രത്യേകം പരിഗണിക്കുന്നത്.
2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തിന് 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹര്‍ജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു സുപ്രീംകോടതിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോടതി വാദം കേള്‍ക്കണമെന്നാണ് ആവശ്യം. എന്നാല്‍, തുടര്‍ച്ചയായി രണ്ടു ദിവസം വാദം കേള്‍ക്കാനുള്ള സൗകര്യം പരിഗണിക്കുമ്പോള്‍ മേയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.