പെരിന്തല്‍മണ്ണ : കാറ്റിലും മഴയില്‍ മരംവീണ് പൂര്‍ണമായി തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ തുക അനുവദിച്ചതോടെ 65കാരിയായ ചക്കിക്ക് ആശ്വാസത്തോടെ മടക്കം. ‘കരുതലും കൈത്താങ്ങും’ പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ സഹായം തേടിയെത്തിയ ചക്കിക്ക് ജനുവരി അഞ്ചിന് മുമ്പ് തുക കൈമാറാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശിക്കുകയായിരുന്നു.
കീഴാറ്റൂര്‍ വില്ലേജിലെ പറമ്പൂര്‍ വാര്‍ഡിലെ നാല് സെന്റ് ഭൂമിയിലായിരുന്നു പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട പൂവത്തുംപറമ്പില്‍ ചക്കിയുടെ വീട്. 2023 ഒക്‌ടോബറിലുണ്ടായ കനത്ത കാറ്റിലും മഴയിലും പന വീണ് വീട് പൂര്‍ണമായി തകര്‍ന്നതോടെ താമസം ഭര്‍തൃസഹോദരന്റെ വീട്ടിലായി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന തനിക്ക് കയറിക്കിടക്കാനും വിവാഹം ചെയ്തയച്ച മൂന്ന് പെണ്‍മക്കള്‍ക്ക് വരാനും വീടില്ലെന്നും പ്രകൃതിക്ഷോഭ ഫണ്ടില്‍നിന്ന് വീട് നിര്‍മാണത്തിന് ധനസഹായം അനുവദിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ചക്കി അദാലത്തിനെത്തിയത്. ഒടുവില്‍ വീട് പുനര്‍നിര്‍മിക്കാന്‍ തുക അനുവദിച്ചതോടെ 65കാരിയായ ചക്കി ആശ്വാസത്തോടെയാണ് മടങ്ങിയത്.