തിരൂരങ്ങാടി : റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ യുവതി ചെമ്മാട്ടും തട്ടിപ്പ് നടത്തി. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്താണ് ചെമ്മാട് സ്വദേശിനിയിൽ നിന്നും 7 ലക്ഷം രൂപ തട്ടിയത്. നിലമ്പുർ അകമ്പാടം ആറങ്കോട് തരിപ്പയിൽ ഷിബില (28) യാണ് തട്ടിപ്പ് നടത്തിയത്. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ നിലമ്പുർ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫീസിൽ ജോലി കിട്ടി എന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയത്. ബാങ്ക് വയ്പ് വാഗ്ദാനം ചെയ്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് പണം വാങ്ങിയിരുന്നത്. കൂടാതെ വിസ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിട്ടു ണ്ട്. ചെമ്മാട് സ്വദേശിനി മലയിൽ ഖമറുന്നിസയുടെ മകന് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപയാണ് തട്ടിയത്. കഴിഞ്ഞ 22 ന് ഇവർ പരപ്പനങ്ങാടി കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കോടതി നിർദേശ പ്രകാരം തിരൂരങ്ങാടി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഇന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. ഇവർക്കെതിരെ വിവിധ ജില്ലകളിൽ കേസുകളുള്ളതായി പോലീസ് പറഞ്ഞു. വിവാഹ മോചിതയായ ഇവർ 4 വർഷം മുമ്പ് വീട്ടിൽ നിന്ന് പോയതാണ്. വല്ലപ്പോഴുമാണ് നാട്ടിൽ വരുന്നത്.