
സ്വർണം വിറ്റത് കുന്നുംപുറത്തെ ജ്വല്ലറിയിൽ
മാള: തൃശൂർ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി ചോമാട്ടിൽ ആദിത്തിനെ (20) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദിത്തിന്റെ വനിതാ സുഹൃത്ത്
പട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്നി (19) യെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മാളയിലാണ് സംഭവം. മാള പുത്തൻചിറ കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ എന്ന 77 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വർണ്ണമാല കവരുകയായിരുന്നു ഇവർ. ആദിത്താണ് കേസിലെ മുഖ്യപ്രതി. ഫാത്തിമ കൂട്ടുപ്രതിയാണ്.
സെപ്റ്റംബർ 9 ന് രാത്രി 07.15 യോടെയാണ് ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ആദിത്തിനെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. ആദിത്തിന്റെ കൂടെ 6 മാസമായി താമസിച്ചു വരികയാണ് ഫാത്തിമ തസ്നി. ആദിത്ത് പൊട്ടിച്ചെടുത്ത മാല ഫാത്തിമ തസ്നിയും ആദിത്തും കൂടി കാറിൽ 27 ന്
തിരൂരങ്ങാടിക്ക് സമീപത്തെ കുന്നുംപുറം എന്ന സ്ഥലത്തെ ജ്വല്ലറിയിൽ മാല നാലര ലക്ഷം രൂപക്ക് വിൽപന നടത്തിയിരുന്നു.
മാല വിറ്റ വകയിൽ ലഭിച്ച പണത്തിൽ നിന്നും അമ്പതിനായിരം രൂപക്ക് ഫാത്തിമ തസ്നിക്ക് മാളയിലെ ജ്വല്ലറിയിൽ നിന്ന് പുതിയ മാല വാങ്ങി. ഫാത്തിമ തസ്നിയുടെ വിദൂര വിദ്യാഭ്യാസത്തിനായി ഫീസും ലഭിച്ച പണത്തിൽ നിന്നും നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നടപടി ക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ ഫാത്തിമ തസ്നിയെ റിമാൻഡ് ചെയ്തു.