ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യത, ജാഗ്രത പാലിക്കണം ; ജില്ലാ കളക്ടര്‍

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം : ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 4, 5- ശനി, ഞായര്‍) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ജില്ലാതല ഐ.ആര്‍.എസിന്റെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എല്ലാ താലൂക്കുകളിലും തദ്ദേശ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. 6 ന് തിങ്കളാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസ്, ഫയര്‍ ഫോഴ്സ് കണ്‍ട്രോള്‍ റൂമുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അടിയന്ത സാഹചര്യങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

മലയോര മേഖലകളില്‍ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഞായറാഴ്ച അവധി ദിവസം കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കണം. ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടുള്ളതല്ല. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ ജനങ്ങള്‍ അതിനോട് സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!