താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി ; ക്രൂര കൃത്യം നടത്തിയത് മാനഹാനി ഭയന്ന്, എല്ലാം തുറന്ന് പറഞ്ഞ് മാതാവ്

താനൂര്‍ : താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. താനൂര്‍ പരിയാപുരം സ്വദേശി ജുമൈലത്ത് (29) ആണ് മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയത്. മാതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജുമൈലത്ത് പൊലീസിന് മൊഴി നല്‍കി. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നും പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം. തിരൂര്‍ തഹസീല്‍ദാര്‍ എസ് ഷീജ, താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടത്തിയത്. ഫോറെന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ വീടിനടുത്തുള്ള പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയതായി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് താനൂര്‍ പൊലീസ് അറിയിച്ചു.

error: Content is protected !!