
കൊച്ചി : റാപ്പര്‍ വേടനെതിരെ അന്വേഷണവുമായി വനം വകുപ്പ്. വേടന്‍ ധരിച്ചിരുന്ന കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് വനം വകുപ്പ് വേടനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഞ്ചാവ് പിടിയിലായതിന് പിന്നാലെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ആണ് പുലിപ്പല്ല് ഒറിജിനല്‍ ആണെന്ന് കണ്ടെത്തിയത്. വിവരമറിഞ്ഞ് കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ എത്തി. മാലയിലുള്ള പുലിപ്പല്ല് തായ്ലന്‍ഡില്‍ നിന്ന് എത്തിച്ചതെന്നാണ് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാന്‍ ഒത്തുകൂടുന്ന ഫ്‌ലാറ്റിലാണ് പരിശോധന നടന്നത്. രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും വിശ്രമിക്കുകയായിരുന്നു. പിടിയിലായവരെല്ലാം വേടന്റെ റാപ്പ് ടീമില്‍ ഉള്‍പ്പെട്ടവരാണ്. വേടന്‍ അടക്കം എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.