നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ

മലപ്പുറം: നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഡിഇഒ പറഞ്ഞു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്‌കൂള്‍ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശമെന്നും ഡിഇഒ വിക്രമന്‍ വിശദീകരിച്ചു.

നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇന്നലെ 2 മണിക്ക് പരപ്പനങ്ങാടിയിലുള്ള ഡിഇഒ ഓഫീസില്‍ ചേര്‍ന്ന തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും വേണ്ടി വന്നാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശിച്ചിരുന്നു.

താനൂര്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിര്‍ദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാല്‍ മതിയെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകര്‍ ചോദ്യം ചെയ്തപ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്നും തനിക്ക് കൂടുതല്‍ അറിയില്ലെന്നുമായിരുന്നു ഡിഇഒയുടെ പ്രതികരണം. വിദ്യാര്‍ഥികളെ പുറത്ത് കൊണ്ടു പോകുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍അതെല്ലാം സ്‌കൂളധികൃതരുടെ റിസ്‌കില്‍ കൊണ്ടുപോകണമെന്നും സമ്മത പത്രം വാങ്ങേണ്ടതുണ്ടെങ്കില്‍ അത് വാങ്ങണം എന്നുമാണ് പറഞ്ഞത്.

error: Content is protected !!