ഇന്ന് നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വര്‍ഷം തികയുന്നു. ് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്റെ രൂപീകരണം. മലബാര്‍, കൊച്ചി, തിരുവതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേര്‍ന്നാണ് കേരളം രൂപീകരിക്കുന്നത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികള്‍ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയില്‍ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്റെ പുതിയ ചരിത്രത്തിനും തുടക്കം കുറിക്കുകയാണ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേല്‍ക്കുന്നത്.
ഇത്തവണ സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോഴാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളം ഉണ്ടാകുന്നത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
എല്ലാം തകര്‍ത്തെറിഞ്ഞ വയനാട് ദുരന്തത്തില്‍ നിന്ന് കേരളം കരകയറാനൊരുങ്ങുന്നത് സഹജീവി സ്‌നേഹത്തിന്റെയും അതിജീവനത്തിന്റെയും അനുകമ്പയുടേയും എല്ലാം പുതു ചരിത്രം എഴുതിയാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറത്തെ കെട്ടുറപ്പും ഭരണ നിര്‍വ്വഹണ ശേഷിയും കൈമുതലാക്കിയാണ് കേരളം എന്നും കുതിക്കാറുള്ളത്. അങ്കത്തട്ടില്‍ പതിനെട്ടടവും പയറ്റുന്ന ഉപതെരഞ്ഞെടുപ്പ് കാഹളത്തിന്റെ നടുക്കാണ് ഇത്തവണ കേരളത്തിന്റെ പിറന്നാളാഘോഷം.