Wednesday, October 22

യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ പൊലീസ് എത്തിയത് വാടക വീട്ടില്‍, യുവാക്കള്‍ ഇറങ്ങിയോടി, പിടികൂടി പരിശോധിച്ചപ്പോള്‍ പുറത്ത് വന്നത് വന്‍ ലഹരി വില്‍പ്പന

മലപ്പുറം: യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസിന് ലഭിച്ചത് ലഹരി വില്‍പ്പന സംഘത്തെ. വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെയാണ് ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍ സ്വദേശി പന്താപുരക്കല്‍ ഷറഫുദീന്‍ (31) എന്നിവരാണ് പിടിയിലായത്. ചാലിശേരി സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട പ്രധാന പ്രതിക്കായി ചാലിശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

യുവതിയെ ശല്യം ചെയ്തെന്ന പരാതിയില്‍ പ്രതിയായ നിയാസിനെ പിടികൂടാന്‍ ആണ് മണ്ണാറപ്പറമ്പിലെ നിയാസിന്റെ താമസ സ്ഥലത്തേക്ക് ചങ്ങരംകുളം എസ്‌ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. പൊലീസ് എത്തിയറിഞ്ഞ് ഒരാള്‍ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേര്‍ പിടിയിലായി. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 70 ഗ്രാം എംഡിഎംഎയും നിരോധിത പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വില്‍പ്പനക്കുള്ള ഉപകരണങ്ങളും കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കും. പരിശോധനയില്‍ വാടക വീട്ടില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ചങ്ങരംകുളം പൊലീസ് ചാലിശേരി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ചാലിശേരി പൊലീസ് സ്ഥലത്തെത്തി വീട്ടില്‍ നിന്ന് നിയാസിനെയും ഷറഫുദീനെയും പിടികൂടുകയായിരുന്നു.

error: Content is protected !!