
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്റെ പിടിയിലായി. വയനാട് മുട്ടില്‍ ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി (34), ചെര്‍പ്പുളശ്ശേരി കൈലിയാട് കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയനാട് പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റര് ചെയ്ത ലഹരിപാര്‍ട്ടി കേസിലെ പ്രതിയാണ് മുഹമ്മദ് ഷാഫി. അഷ്‌റഫ് ഒറ്റപ്പാലത്തെ കൊലക്കേസിലും ചെര്‍പ്പുളശ്ശേരി എക്‌സൈസിന്റെ കഞ്ചാവ് കേസിലും പ്രതിയാണ്. പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ സ്‌ക്കൂളിന് സമീപം പരിശോധനയിലാണ് കാര്‍ പിടികൂടിയത്. കാറിനുള്ളില്‍ പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു കഞ്ചാവ്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ നല്കുന്ന ഓര്‍ഡറനുസരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തി വിവിധയിടങ്ങളില്‍ സംഭരിച്ച് വില്പ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ഷാഫി ബംഗളൂരുവില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് മുഹമ്മദ് അഷറഫ് മുഖേനയാണ് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ മൊത്തക്കച്ചവടക്കാര്‍ക്ക് വില്‍പന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറില്‍ കഞ്ചാവു കടത്തി വരുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്നും ആഡംബര കാറുകളിലും ചരക്കു ലോറികളിലും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ വില്‍പന നടത്തുന്ന മൊത്തവില്‍പ്പന സംഘത്തിലെ കണ്ണികളെ കുറിച്ച് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
ഡി.വൈ.ഐസ്.പി എം. സന്തോഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത് എസ്.ഐ ഷിജോ സി. തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒമാരായ സജീര്‍, ഉല്ലാസ്, സല്‍മാന്‍, സജി എന്നിവരും ജില്ല ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.