
താനൂര്‍ : മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ താനൂര്‍ പൊലീസിന്റെ പിടിയില്‍. ചെമ്മാട് സ്വദേശിയും മദ്രസ അധ്യാപകനുമായ അബൂബക്കര്‍ സിദ്ദീഖിന്റെ ബൈക്കാണ് ഫെബ്രുവരി 23 ന് മോഷണം പോയത്. കെ എല്‍ 65 എച്ച് 5662 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബൈക്ക് തെയ്യാല റോഡ് റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായി നിര്‍ത്തിയിട്ടിരുന്നത്. രാത്രിയോടെ മദ്രസയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് മോഷണം പോയിരുന്നു. ഇതേ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദീഖ് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. താനുര്‍ ഡി വൈ എസ് പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുകീഷ് കുമാര്‍, സി പി ഒമാരായ സെബാസ്റ്റ്യന്‍, ഷമീര്‍, വിനീത്, രാഗേഷ്, അനില്‍ കുമാര്‍, അനില്‍, സന്തോഷ്, പ്രബിഷ് എന്നിവരടങ്ങിയ സംഘം ആണ് അന്വേഷണം നടത്തി മോഷണം നടത്തിയവരെ തിരിച്ചറിഞ്ഞു പിടികൂടിയത്. മോഷണം നടത്തിയ രണ്ട് കുട്ടികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.