പുതുവര്‍ഷം പിറന്നു, കരിപ്പൂരില്‍ എമര്‍ജന്‍സി ലാമ്പുമായി എത്തി, ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കരിപ്പൂര്‍ : പുതുവര്‍ഷ പുലരിയില്‍ സ്വര്‍ണ വേട്ടയുമായി കസ്റ്റംസ്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായി. ശരീരത്തിനകത്തും എമര്‍ജന്‍സി ലാമ്പിനകത്തുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ജംഷാദ് മൂച്ചിക്കല്‍ (25) എന്ന യാത്രക്കാരനെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. 901 ഗ്രാം തൂക്കമുള്ള 3 ക്യാപ്‌സൂളുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ നിന്നും 52ലക്ഷം രൂപ വിലമതിക്കുന്ന 838 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

അതേസമയം ഇന്ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ അമരമ്പലം സ്വദേശി സഫ്വാന്‍ ചക്കത്ത് (30) എന്ന യാത്രക്കാരന്റെ ചെക്ക്-ഇന്‍ ബാഗേജിന്റെ എക്സ്റേ സ്‌ക്രീനിംഗില്‍ എമര്‍ജന്‍സി ലാമ്പിനുള്ളില്‍ സംശയാസ്പദമായ ദൃശ്യം കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. എമര്‍ജന്‍സി ലാമ്പ് വിശദമായി പരിശോധിച്ചതില്‍ ഇതില്‍ നിന്നും 449 ഗ്രാം തൂക്കമുള്ള 4 സ്വര്‍ണ ഷീറ്റുകള്‍ കണ്ടെടുത്തു. ഇതിന് എകദേശം 28 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മാത്രം കരിപ്പൂരില്‍ നിന്ന് പിടികൂടിയത് 172 കോടിയോളം രൂപയുടെ സ്വര്‍ണമാണ്. 376 കേസുകളിലായി 270 കിലോ സ്വര്‍ണമാണ് കസ്റ്റംസ് 2023 ല്‍ മാത്രം കരിപ്പൂരില്‍ നിന്ന് പിടികൂടിയത്. ഇതിനു പിന്നാലെയാണ് പുതുവര്‍ഷത്തില്‍ തന്നെ കരിപ്പൂരില്‍ സ്വര്‍ണ വേട്ട തുടരുന്നത്.

error: Content is protected !!