കോഴിക്കോട് : തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം. വിവാദ പരാമർശത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതികരണവുമായി ഉമർ ഫൈസി രംഗത്തെത്തിയത്. ‘തന്നെ മുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുകയും കാര്യങ്ങൾ അന്വേഷിച്ചശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടുമാസത്തിനു ശേഷം ഇപ്പോൾ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് ആധാരം. പരാമർശത്തിനെതിരെ വി പി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഉമർ ഫൈസിക്കെതിരെ കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഐപിസി 295എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്.
സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരമാണ് പരാതി നൽകിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പിന്നീട് നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ വി പി സുഹ്റ പ്രതിഷേധിക്കുകയും ചെയ്തു. പരിപാടിയിൽ അതിഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായിരുന്നു. പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് കോഴിക്കോട് സിറ്റി പൊലീസ് തന്റെ പരാതയിൽ കേസെടുക്കാത്തതിനെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയെന്നും വി പി സുഹ്റ വിമര്‍ശിച്ചിരുന്നു.